ന്യൂഡല്‍ഹി : രാജ്യത്ത് ബുള്‍ഡോസര്‍ രാജിന് തടയിട്ട് സുപ്രീംകോടതി. അടുത്ത മാസം ഒന്നു വരെ കോടതി അനുമതി ഇല്ലാതെ ഒരു കെട്ടിടവും പൊളിക്കരുതെന്ന് ഇടക്കാല ഉത്തരവില്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഭരണഘടനയുടെ ധാര്‍മികതയ്ക്ക് എതിരാണ് ഇത്തരം പ്രവൃത്തികളെന്നും സുപ്രീംകോടതി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ കുറ്റാരോപിതരുടെ കെട്ടിടങ്ങള്‍ ശിക്ഷാനടപടിയായി പൊളിച്ചു നീക്കുന്ന നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
പൊതുറോഡുകളിലെയും നടപ്പാതകളിലെയും അനധികൃത നിര്‍മാണങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ലെന്ന് ജസ്റ്റിസുമാരായ ബി ആര് ഗവായ്, കെ വി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസ് വാദം കേള്‍ക്കുന്നതിനായി ഒക്ടോബര്‍ 1ലേയ്ക്ക് മാറ്റിമായി അധികാരമുള്ളവരുടെ കൈകള്‍ ഇത്തരത്തില്‍ കെട്ടിയിടാന്‍ പാടില്ലെന്ന് പറഞ്ഞുകൊണ്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഉത്തരവിനെതിരെ എതിര്‍പ്പുന്നയിച്ചു. എന്നാല്‍ രണ്ടാഴ്ചത്തേക്ക് ഇത്തരം പൊളിക്കല്‍ നടപടികള്‍ പാടില്ലെന്ന് കോടതി ആവര്‍ത്തിച്ചു. കുറ്റാരോപിതനായതുകൊണ്ട് മാത്രം എങ്ങനെ ഒരാളുടെ വീട് പൊളിക്കാന്‍ കഴിയും. കുറ്റവാളിയാണെങ്കിലും നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെ അത് ചെയ്യാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.