പത്തനംതിട്ട : ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍. കോഴിക്കോട് കോളത്തറ ശാരദാ മന്ദിരത്തില്‍ പ്രജിത (41), കൊണ്ടോടി കൊളത്തറ ഐക്കരപ്പടി നീലിപ്പറമ്പില്‍ സനൗസി (35) എന്നിവരെയാണ് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. 49 ലക്ഷം രൂപയാണ് ഇവര്‍ പത്തനംതിട്ട സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത്.
വെണ്ണിക്കുളം വെള്ളാറ മലയില്‍ പറമ്പില്‍ ശാന്തി സാമിനെ വാട്ട്സ്ആപ്പ് ചാറ്റിലൂടെയും ഫോണിലൂടെയും പ്രതികള്‍ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. കേസില്‍ പെടാതിരിക്കാനായി പണം നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ശാന്തി സാമിന്റെ നാല് അക്കൗണ്ടില്‍ നിന്നായി പലപ്പോഴായി 49,03,500 രൂപ നഷ്ടപ്പെട്ടു.
കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ 2024 ജൂലൈ വരെ പലപ്പോഴായാണ് ഒന്‍പത് അക്കൗണ്ടുകളിലേക്ക് പണം നല്‍കിയത്. വെണ്ണിക്കുളം സൗത്ത് ഇന്ത്യന്‍ ബാങ്ക്, പുല്ലാട് ഫെഡറല്‍ ബാങ്ക്, കുമ്പനാട് ഓവര്‍സീസ് ബാങ്ക്, വെണ്ണിക്കുളം എസ് ബി ഐ എന്നിവിടങ്ങളില്‍ പരാതിക്കാരിക്ക് ഉണ്ടായിരുന്ന അക്കൗണ്ടുകളില്‍ നിന്നാണ് പൈസ കൈമാറ്റം ചെയ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു.