കല്‍പ്പറ്റ : വെള്ളാരംകുന്നില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ജെന്‍സന്റെ മൃതദേഹം അവസാനമായി കണ്ട് ശ്രുതി. ആശുപത്രിയിലെത്തിച്ചാണ് പ്രിയപ്പെട്ടവന്റെ മൃതദേഹം അവസാനമായി ശ്രുതിയെ കാണിച്ചത്. പ്രിയതമന്റെ ജീവനറ്റ ശരീരം കണ്ട് ശ്രുതി വിങ്ങിപ്പൊട്ടിയപ്പോള്‍ മറ്റുള്ളവര്‍ക്കും കരച്ചിലടക്കാനായില്ല. വാഹാനാപകടത്തില്‍ ഇരുകാലുകള്‍ക്കും പരിക്കേറ്റ ശ്രുതി ഐസിയുവില്‍ ചികിത്സയിലാണ്. ജെന്‍സന്റെ സംസ്കാരം ഇന്ന് വൈകിട്ട് നടത്തും.
ബന്ധുക്കളാണ് പ്രതിശ്രുത വരന് ജെന്‍സന്റെ മരണവിവരം ശ്രുതിയെ അറിയിച്ചത്. ജെന്സന് ജീവിതത്തിലേക്കു തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ ഇന്നലെ രാത്രിയില്‍ മരിക്കുന്നതിനു മുമ്പ് മേപ്പാടിയിലെ ആശുപത്രിയില്‍ എത്തിച്ചു ശ്രുതിയെ ജെന്‍സനെ കാണിച്ചിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ ശ്രുതി ശസ്ത്രക്രിയയ്ക്കുശേഷം കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം അമ്പലവയല്‍ ആണ്ടൂര്‍ ഗ്ലോറിസ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം നടത്തി. ആയിരങ്ങളാണ് ജെന്‍സനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. പലരും ജെന്‍സന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ വിങ്ങിപ്പൊട്ടി. പിന്നീട് ആണ്ടൂരിലെ വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ആണ്ടൂര്‍ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിലാണ്.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജെന്സന് ഇന്നലെ രാത്രി ഒന്‍പതു മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ 9 പേരെ നഷ്ടമായിരുന്നു. പുതിയ വീടും വിവാഹത്തിനായി കരുതിവച്ചിരുന്ന 4 ലക്ഷം രൂപയും 15 പവന് സ്വര്‍ണവും ഒലിച്ചുപോയി. എല്ലാ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞ ശ്രുതിക്ക് കൂട്ടായി ജെന്‍സനുണ്ടായിരുന്നു.