ന്യൂഡൽഹി: രാജ്യത്തെ 100 തീരദേശ ഗ്രാമങ്ങളെ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ളവയാക്കി മാറ്റാൻ 200 കോടിയുടെ പദ്ധതിയുമായി കേന്ദ്ര ഫിഷറീസ് മന്ത്രാലയം. ഇതിൽ ആറെണ്ണം കേരളത്തിലാണ്. ഇരവിപുരം, തോട്ടപ്പള്ളി, അഴീക്കൽ, പുതുവൈപ്പ്, ഞാറയ്ക്കൽ, ചിലക്കൂർ എന്നിവയാണ് പദ്ധതിയില് ഉൾപ്പെട്ടത്. ഓരോ ഗ്രാമത്തിനും 2 കോടി രൂപ വീതം 200 കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുക. മാറുന്ന പരിസ്ഥിതി സാഹചര്യങ്ങൾക്കനുസരിച്ച് അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റും ഇവിടെ പദ്ധതികൾ ആവിഷ്കരിക്കും.
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (PMMSY) പദ്ധതിയുടെ വാർഷികത്തിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. ഈ പദ്ധതിയുടെ തുടർച്ചയായി പ്രധാനമന്ത്രി മത്സ്യ കിസാൻ സമ്പത്ത് സഹ യോജന (PM-MKSSY) പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായുള്ള നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോമും കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ് അവതരിപ്പിച്ചു. 6000 കോടി രൂപയുടെ പിഎം-എംകെഎസ്എസ്വൈ പദ്ധതിക്ക് ലോകബാങ്ക് വായ്പയുൾപ്പെടെ 3000 കോടി രൂപ കേന്ദ്രസർക്കാർ വിഹിതമാണ്. ബാക്കിത്തുക ഗുണഭോക്താക്കളുടെ വിഹിതവും സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപവുമായി കണ്ടെത്തും.
മത്സ്യത്തൊഴിലാളികൾ, കച്ചവടക്കാർ, മത്സ്യ സംസ്കരണം നടത്തുന്നവർ തുടങ്ങി മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ വിവരശേഖരണത്തിനു വേണ്ടിയാണ് നാഷനൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപീകരിച്ചിരിക്കുന്നത്. സാമ്പത്തിക ആനുകൂല്യങ്ങളുടെ വിതരണം ഇതിലൂടെയാകും ഇനി നടപ്പാക്കുക. മത്സ്യമേഖലയിലെ 40 ലക്ഷം ചെറു-സൂക്ഷ്മ സംരംഭകർക്ക് തിരിച്ചറിയൽ കാർഡ് നൽകുക എന്നതുൾപ്പെടെയുള്ള നടപടികൾ ആദ്യഘട്ടത്തിൽ പൂർത്തിയാക്കും. കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഉൾപ്പെടെ 3 ഫിഷറീസ് ഇൻകുബേഷൻ സെന്ററുകളും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ്, മുംബൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എജ്യുക്കേഷൻ എന്നിവയാണു മറ്റു 2 സ്ഥാപനങ്ങൾ. ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സംസാരിച്ചു.