തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്. എഡിജിപിക്കെതിരെ ഉയര്‍ന്നുവന്ന പരാതികളിലെല്ലാം സമഗ്രമായ പരിശോധന നടത്തി തീരുമാനമെടുക്കേണ്ടതാണ്. തെറ്റുചെയ്താല്‍ സംരക്ഷിക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
എഡിജിപിയുടെ കാര്യത്തില്‍ മുന്നണി നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നതാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് മുന്നണിയുടെ ബോധ്യം. ആര്‍എസ്എസുമായി ഏതെങ്കിലും കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ സിപിഎം തയ്യാറാവില്ല. അത് സിപിഎമ്മിന്റെ ചരിത്രം അറിയുന്ന എല്ലാവര്ക്കും അറിയാം.
ആരോപണം വന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കാന്‍ കഴിയില്ലെന്ന് ടിപി രാമകൃഷ്ണന് പറഞ്ഞു. ആരോപണം ശരിയാണെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കും. അതിനായി കുറച്ച് സമയം കാത്തിരിക്കൂ. സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ ചില നടപടി ക്രമങ്ങളുണ്ടാകും. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. കൂടുതല്‍ കാര്യം അറിയണമെങ്കില്‍ സര്‍ക്കാരിനെ സമീപിക്കൂവെന്നും രാമകൃഷ്ണന് പറഞ്ഞു.
എഡിജിപിയെ ആര്‍എസ്എസ് നേതാവിനെ കണ്ടതല്ല പ്രശ്നം. എന്തിന് കണ്ടു എന്നതാണ് പ്രശ്നമെന്നും ടിപി രാമകൃഷ്ണന് പറഞ്ഞു.