തിരുവനന്തപുരം: മലപ്പുറം എസ്പി എസ് ശശിധരനെ സ്ഥലം മാറ്റി. ആർ വിശ്വനാഥാണ് പുതിയ മലപ്പുറം എസ്പി. ശശിധരനെ വിജിലൻസിലേക്കാണ് മാറ്റിയത്. പൊലീസ് ഹെഡ് ക്വാട്ടേഴ്സ് എഐജി സ്ഥാനത്തു നിന്നാണ് ആർ വിശ്വനാഥൻ മലപ്പുറം എസ്പി സ്ഥാനത്തേക്ക് എത്തുന്നത്.
ജില്ലയിലെ രണ്ട് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിമാരടക്കം 8 ഡിവൈഎസ്പിമാരേയും മാറ്റിയിട്ടുണ്ട്. താനൂർ ഡിവൈഎസ്പി വിവി ബെന്നിയെ കോഴിക്കോട് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റിയത്. മുട്ടില്‍ മരംമുറി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് വിവി ബെന്നി.മലപ്പുറത്തെ അഴിച്ചു പണിക്കൊപ്പം ഐപിഎസ് തലപ്പത്ത് വലിയ മാറ്റങ്ങളാണ് സർക്കാർ വരുത്തുന്നത്. മലപ്പുറം ജില്ലയിലെ അട്ട് ഡിവൈഎസ്പിമാർ ഉൾപ്പെടെ മൊത്തം 16 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റമുണ്ട്.
ഗതാഗത കമ്മീഷണറെ മാറ്റി. സിഎച്ച് നാഗരാജുവാണ് പുതിയ ഗതാഗത കമ്മീഷണർ. നിലവിലെ ട്രാൻസ്പോർട്ട് കമ്മീഷണർ എ അക്ബർ ക്രൈം ബ്രാഞ്ച് ഐജിയായി തുടരും.ദക്ഷിണ മേഖലാ ഐജിയായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന എസ് ശ്യാം സുന്ദറിനെ നിയമിച്ചു. പുട്ട വിമലാദിത്യയാണ് പുതിയ കൊച്ചി കമ്മീഷണർ.പാലക്കാട് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെവി മണികണ്ഠനെ സസ്പെന്‍ഡ് ചെയ്തു. പരാതിക്കാരിയോടും ഓഫീസ് ജിവനക്കാരിയോടും മോശമായി പെരുമാറിയതിനാണ് നടപടി.
ഭരണകക്ഷി എംഎൽഎ തന്നെയായ പിവി അൻവർ മലപ്പുറം പൊലീസിനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. പൊലീസിനെതിരെ പരാതിക്കാരി തന്നെ രംഗത്ത് വന്നതും അഴിച്ചു പണിയുടെ വേഗം കൂട്ടി.മലപ്പുറം പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളന വേദിയിൽ വച്ച് നിലമ്പൂർ എംഎൽഎയായ അൻവർ എസ്പി ശശിധരനെ പരസ്യമായി, അദ്ദേഹത്തെ വേദിയിൽ ഇരുത്തി തന്നെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മലപ്പുറം മുൻ എസ്പി സുജിത് ദാസിലേക്കും എഡിജിപി അജിത് കുമാറിലേക്കടക്കം ആരോപണങ്ങൾ നീണ്ടത്. അതിനിടെ അന്‍വര്‍ വിവി ബെന്നിക്കെതിരേയും വിമര്‍ശനം ഉന്നയിച്ചിരുന്നു.
സുജിത് ദാസിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഐപിഎസ് തലപ്പത്തു തന്നെ വൻ മാറ്റങ്ങൾ വന്നത്.