ഏറ്റവുമധികം ആത്മഹത്യകൾ നടക്കുന്ന ഇന്ത്യൻ നഗരങ്ങളിൽ കൊല്ലം രണ്ടാം സ്ഥാനത്തെന്ന് അമൃത ആശുപത്രിയിലെ കൺസൽട്ടൻറ് സൈക്യാട്രിസ്റ്റ് ഡോ. കാത്ലീൻ ആൻ മാത്യു. ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ഭാഗമായി അമൃത ആശുപത്രി പുറത്തിറക്കിയ ബോധവൽക്കരണ സന്ദേശത്തിലാണ് ഡോ. കാത്ലീൻ ആത്മഹത്യാ കണക്കുകളിലെ ഇന്ത്യൻ യാഥാർഥ്യത്തെ കുറിച്ചും വിശിഷ്യാ അതിൽ കേരളത്തിനും കൊല്ലത്തിനുമുള്ള സ്ഥാനത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നത്. ആത്മഹത്യ എന്നത് ലോകമെമ്പാടും ഗൗരവമേറിയ പൊതു ആരോഗ്യ പ്രശ്നം ആയി മാറിക്കൊണ്ടിരിക്കുന്നു.നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആത്മഹത്യ നിരക്ക് ഒരു ലക്ഷം ജനങ്ങൾക്ക് 12 എന്നതാണ്, കഴിഞ്ഞ 56 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.
നമ്മൾ നേരിടുന്ന ഒരു സാമൂഹിക വിപത്തായി ഇത് മാറിയിരിക്കുന്നു. കേരളത്തിലെ ആത്മഹത്യ നിരക്ക് ഒരു ലക്ഷം ജനങ്ങൾക്ക് 28.5 എന്നതാണ്, ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയിൽ അധികം ആണ്. ഇന്ത്യയിലെ ഏറ്റവും ആത്മഹത്യ നിരക്കുള്ള നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം കേരളത്തിലെ കൊല്ലം നഗരത്തിനാണ്, 42.5 ആണ് കൊല്ലം നഗരത്തിൻ്റെ ശരാശരി.എന്താണ് മനുഷ്യരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്, 30ശതമാനം ആളുകളും ആത്മഹത്യ ചെയ്യുന്നത് കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആണ്,18% ആളുകൾ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നും ,6.8% ആളുകൾ ലഹരി ഉപയോഗത്തെ തുടർന്നും ആത്മഹത്യ ചെയ്യുന്നു.ആത്മഹത്യയിലേക്ക് നയിക്കുന്ന സാമൂഹികപരമായ കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കിയാൽ പ്രധാനമായും താൻ മറ്റുള്ളവർക്ക് ഒരു ബാധ്യതയാണ് എന്ന ചിന്ത, രണ്ടാമത് സമൂഹത്തിൻ്റെ ഭാഗമായി മാറാൻ കഴിയില്ല എന്നിവയാണ് മുഖ്യ കാരണങ്ങൾ ആയി പറയുന്നത്.
ഈ വർഷത്തെ ആത്മഹത്യ പ്രതിരോധ ദിനത്തിൻ്റെ പ്രമേയം ” changing the narrative on suicide” എന്നതാണ് , ആത്മഹത്യയോടുള്ള സമൂഹത്തിൻ്റെ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്താൻ ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.തുറന്ന് പറച്ചിലിൻ്റെയും , ചേർത്ത്പിടിക്കലിൻ്റെയും ഒരു സമീപനത്തിലേക്ക് ഒരു സമൂഹം ഒട്ടാകെ മാറേണ്ടിയിരിക്കുന്നു.
ഇപ്രകാരം ഒരു വ്യക്തി എന്ന നിലയിലും , ഒരു സമൂഹം ഒട്ടാകെ ആത്മഹത്യ പ്രതിരോധത്തെപറ്റിയും , ചുറ്റുമുള്ളവർ ഒന്നും തനിച്ചാകാതെ ഒപ്പമുണ്ട് എന്ന ഒരു സന്ദേശം വഴിയും ഈ ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കാം.