കൊച്ചി: സൂപ്പർ സ്റ്റാർ ചിത്രങ്ങളില്ലാത്ത ഓണത്തിന് റിലീസ് ചെയ്യുന്നത് നാല് മലയാള സിനിമകൾ. ടൊവിനോ തോമസിന്റെ ബഹുഭാഷാ സിനിമ ‘അജയന്റെ രണ്ടാം മോഷണം” (എ.ആർ.എം), വർഗീസ് പെപ്പയുടെ ‘കൊണ്ടൽ”, ആസിഫ് അലിയുടെ ‘കിഷ്കിന്ധകാണ്ഡം”, റഹ്മാന്റെ ‘ബാഡ് ബോയ്സ്” എന്നിവയാണ് ഓണ റിലീസുകൾ.
മോഹൻലാലിന്റെ ‘ബറോസ്”, മമ്മൂട്ടിയുടെ ‘ബസൂക്ക” എന്നിവയുടെ റിലീസ് നിശ്ചയിച്ചിട്ടില്ല. സമീപകാലത്ത് റിലീസ് ചെയ്ത സിനിമകൾ മികച്ച വിജയം നേടാത്തതും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷമുണ്ടായ വിവാദങ്ങളുമാണ് ആശങ്ക. സിനിമയിലെ പൊതുസ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്ന് സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജി വിശ്വനാഥ് പറഞ്ഞു.അതിനിടെ റിലീസിന് മുമ്പ് പ്രൊമോഷനും കാര്യമായി നടന്നിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് താരങ്ങൾ പ്രൊമോഷനെത്താൻ മടിക്കുകയാണ്. ഒ.ടി.ടി വില്പനയ്ക്കും തിയേറ്റർ വിജയം നിർണായകമായതിനാൽ നിർമ്മാതാക്കൾ പിരിമുറുക്കത്തിലാണ്.
800 കോടിയിൽ നിന്ന് തിരിച്ചടി
2024 ജനുവരി മുതൽ മേയ് വരെ സിനിമകളുടെ വിജയകാലമായിരുന്നു. 800 കോടിയിലേറെ തിയേറ്റർ വരുമാനം ഇക്കാലത്ത് ലഭിച്ചു. പിന്നീട് സൂപ്പർഹിറ്റുകളുണ്ടായില്ല. വൻപ്രതീക്ഷയിൽ റിലീസ് ചെയ്ത വിജയുടെ ‘ഗോട്ട്” കേരളത്തിൽ നേട്ടമുണ്ടാക്കിയില്ലെന്ന് തിയേറ്ററുടമകൾ പറഞ്ഞു.