ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി നേർക്കുനേർ മത്സരത്തിനൊരുങ്ങി എഎപി. കോൺഗ്രസുമായുള്ള സഖ്യ ചർച്ചകൾ അടഞ്ഞതോടെ 20 സീറ്റുകളിലേക്ക് ആംആദ്മി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച 12 ഇടങ്ങളിലും ആം ആദ്മി പാർട്ടി മത്സരിക്കുന്നുണ്ട്.
സീറ്റ് നിർണയ ചർച്ചകളിൽ ഇരു പാർട്ടികളും വിട്ടുവീഴ്ചയ്ക്ക് തയാറാവാതിരുന്നതോടെയാണ് സഖ്യ രൂപീകരണം പ്രതിസന്ധിയിലായത്. 90 അംഗ നിയമസഭയിൽ ആംആദ്മി ആവശ്യപ്പെട്ടത് 10 സീറ്റായിരുന്നു. താരതമ്യേന എഎപിക്ക് വേരോട്ടം ഇല്ലാത്ത ഹരിയാനയുടെ മണ്ണിൽ അത്തരം ഒരു നീക്കുപോക്കിന് കോൺഗ്രസ് തയാറായില്ല. നാലു മുതൽ ഏഴു സീറ്റുകൾ വരെ നൽകാമെന്നായിരുന്നു കോൺഗ്രസ് നിലപാട്. ഇത് അംഗീകരിക്കാതെയാണ് എഎപി സ്ഥാനാർഥിളെ പ്രഖ്യാപിച്ചത്. നിലവിലെ സാഹചര്യത്തിൽ ഹരിയാനയിൽ ഒറ്റയ്ക്ക് വിജയിക്കാൻ ആകുമെന്നും എഎപിയുമായി സഖ്യം ഉണ്ടാക്കേണ്ടെന്നുമാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.
അതേസമയം, അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ സുപ്രിംകോടതി ഇന്ന് വിധി പറയാനിരിക്കെ ചില നിർണായക നീക്കങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ടു ദിവസം ബാക്കി നിൽക്കെ ഇരുകൂട്ടരും നീക്കുപോക്കുകൾക്ക് തയാറാവുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.