ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ ആദ്യ മുഖ്യമന്ത്രിയുടെ വീട് ഉൾപ്പെടെ രണ്ട് സ്ഥലങ്ങളിൽ സായുധരായ സംഘം വെള്ളിയാഴ്ച റോക്കറ്റാക്രമണം നടത്തി. ഇതിൽ ഒരു വ്യക്തി കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി വർധിച്ചു വരുന്ന ഏറ്റുമുട്ടലുകളിൽ അത്യാധുനിക ആയുധങ്ങളുടെ ഉപയോഗവും വർധിച്ചിട്ടുണ്ട്.
17 മാസം മുമ്പ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് റോക്കറ്റ് ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നേരത്തെ ഡ്രോണുകൾ ഉപയോഗിച്ചും ആക്രമണം നടന്നിരുന്നു. അക്രമസംഭവങ്ങൾ വർധിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശനിയാഴ്ച അടച്ചിടാൻ ഉത്തരവിട്ടു.
ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് മുൻ മുഖ്യമന്ത്രി മൈറെംബം കൊയ്റെങ് സിങ്ങിൻ്റെ മൊയ്റാങ് ടൗണിലുള്ള വീടിന് നേരെ റോക്കറ്റ് തൊടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് ഇഞ്ചുകൾ മാറിയാണ് റോക്കറ്റ് പതിച്ചത്. ആക്രമണത്തിൽ 72 കാരനായ ആർ.കെ റാബെയ് സിങ് കൊല്ലപ്പെട്ടു, 13കാരിയുൾപ്പെടെ മുൻ മുഖ്യമന്ത്രിയുടെ അഞ്ച് ബന്ധുക്കൾക്കും പരിക്കേറ്റു. 1963-നും 1969-നും ഇടയിൽ മൂന്ന് തവണ മണിപ്പൂരിൻ്റെ മുഖ്യമന്ത്രിയായിരുന്ന സിങ്, 1994-ൽ അന്തരിച്ചു.
പുലർച്ചെ നാല് മണിയോടെ ജില്ലയിലെ ട്രോങ്ലോബി ഗ്രാമത്തിലെ രണ്ട് കെട്ടിടങ്ങൾ സമാനമായ ആയുധങ്ങൾ ഉപയോഗിച്ച് തകർത്തതായി സുരക്ഷാ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഈ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞദിവസങ്ങളിൽ ഇംഫാൽ വെസ്റ്റ് മേഖലയിലുണ്ടായ സംഘർഷത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സായുധരായ സംഘം ഡ്രോണുകളിൽനിന്ന് ബോംബുകളിട്ടെന്നാണ് പൊലീസ് പറയുന്നത്. ഉച്ചയ്ക്ക് 2.30നാണ് വെടിവെപ്പും ബോംബാക്രമണവും ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു.
സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. പ്രശ്നബാധിത മേഖലകളിൽ അതീവശ്രദ്ധ വേണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി നിർദേശം നൽകുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് ഇംഫാൽ വെസ്റ്റ് ജില്ലാ മജിസ്ട്രേറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. മണിപ്പൂരിൽ 2023 മെയ് നാലിന് ആരംഭിച്ച വംശീയ ആക്രമണത്തില് 220ലേറെ പേരാണ് കൊല്ലപ്പെട്ടത്. 50,000ത്തോളം പേർ പലായനം ചെയ്യുകയും ചെയ്തു.