തിരുവനന്തപുരം: ബി.ജെ.പി നേതാക്കൾക്കെതിരായ തിരുവിതാംകൂർ സഹകരണസംഘം ക്രമക്കേട് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ബി.ജെ.പി നേതൃത്വത്തിലുള്ള സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പിൽ പൊലീസ് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും ക്രൈംബ്രാഞ്ചിന് നൽകാനാണ് തീരുമാനം.
കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. നിക്ഷേപം തിരികെ ലഭിക്കാൻ ഏകദേശം 300ലേറെ പേർ ബാക്കിയുണ്ട്. ഇതിൽ 56 പേരുടെ പരാതികളിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറുക. 56ൽ 52 കേസുകളും തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം 22ന് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെ നിക്ഷേപങ്ങൾ തിരികെ നൽകുന്നതിൽ അധികൃതർ കൈമലർത്തുകയായിരുന്നു. ഇതോടെയാണ് നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. നിലവിൽ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലാണ് സൊസൈറ്റി. 2004ലാണ് തിരുവനന്തപുരം തകരപ്പറമ്പിൽ സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചത്.