കേരളത്തിലെ ന്യൂസ് ചാനലുകളുടെ ബാർക്ക് റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും രണ്ടാം സ്ഥാനത്ത്. കഴിഞ്ഞയാഴ്ച രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന റിപ്പോർട്ടറിനെ ബഹുദൂരം പിന്തള്ളിയാണ് ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്തേക്ക് വീണ്ടും എത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി ഒന്നാം സ്ഥാനത്ത് തുടരുന്ന 24 ന്യൂസിന് തൊട്ടടുത്ത് തന്നെ ഇടം പിടിക്കാനും ഏഷ്യാനെറ്റ് ന്യൂസിനായി. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള ഏഷ്യാനെറ്റിന്റെ വസ്തുതാപരമായ റിപ്പോർട്ടിങ് ആണ് റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസിനെ സഹായിച്ചത്. രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ വെളിപ്പെടുത്തലിൽ പേര് പുറത്തുപറയാൻ ഏഷ്യാനെറ്റ് ധൈര്യമടക്കം പൊതുമണ്ഡലത്തിൽ ചർച്ചയായ കാലത്തെ റേറ്റിങ്ങിലാണ് ഒന്നാം സ്ഥാനം തിരികെ പിടിക്കുന്നുവെന്ന സൂചന ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും നൽകിയത്.
നിലവിൽ 24 ന്യൂസും ഏഷ്യാനെറ്റും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണ് ഉള്ളത്. കഴിഞ്ഞ ആഴ്ച 157.3 പോയിന്റോടെ ഒന്നാമത് നിന്ന 24 ന്യൂസ് 132.7 പോയിന്റിലേക്ക് താഴ്ന്നെങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. 147.6 പോയിന്റോടെ മൂന്നാം സ്ഥാനത്ത് നിന്ന ഏഷ്യാനെറ്റ് ന്യൂസ് ഈ ആഴ്ച നില മെച്ചപ്പെടുത്തി 132.2 പോയിന്‍ോടെ രണ്ടാം സ്ഥാനത്തേക്ക് എത്തി. 24 ന്യൂസുമായി പോയിന്റുകളുടെ വ്യത്യാസം മാത്രമാണ് നിലവില്‍ ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. 149.1 പോയിന്റോടെ രണ്ടാമത് നിന്ന റിപ്പോര്‍ട്ടര്‍ ടിവി 110.5 പോയിന്റിലേക്ക് കൂപ്പ്കുത്തി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 72.8 പോയിന്റ് ഉണ്ടായിരുന്ന മനോരമ ന്യൂസ് ഇക്കുറി 62.6 പോയിന്റിലേക്ക് താഴ്ന്ന് നാലാമത് തന്നെ തുടരുകയാണ്. 50.8 പോയിന്റോടെ മാതൃഭൂമി അഞ്ചാമതുമാണ്. 23.2 പോയിന്റോടെ എട്ടാമത് നിന്ന ജനം ടിവി ഈ ആഴ്ച 22.6 പോയിന്റോടെ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 21.9 പോയിന്റോടെ കൈരളി ഏഴാമതും 19.4 പോയിന്റോടെ തൊട്ടുപിറകില്‍ ന്യൂസ് 18 നുമാണ്. 15.2 പോയിന്റോടെ മീഡിയ വണ്‍ ഒമ്പതാമത് തന്നെ തുടരുകയാണ്.