കൊച്ചി: ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ‘അമ്മ’ പിരിച്ചുവിട്ടെങ്കിലും സംഘടനയില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. സംഘടനയിലെ മറ്റു ഭാരവാഹികളുടെയും അംഗങ്ങളുടെയും കൂട്ടായ തീരുമാനമല്ല രാജിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എക്സിക്യൂട്ടീവ് അംഗം സരയൂ മോഹന്‍, നടന്മാരായ ടൊവിനോ തോമസ്, വിനു മോഹന്‍, നടി അനന്യ എന്നിവര്‍ രാജിവച്ചിട്ടില്ലെന്നാണ് ഏറ്റവും പുതിയ വിവരം.
രാജിവെച്ചു പുറത്ത് പോകാൻ താല്പര്യമുള്ളവർ പുറത്ത് പോകട്ടെ ഞങ്ങൾ എന്തിന് രാജിവയ്ക്കണം എന്നാണ് നിലവിൽ രാജിവെക്കാതെ തുടരുന്ന യുവതാരങ്ങള്‍ ചോദിക്കുന്നത്. താന്‍ രാജി വച്ചിട്ടില്ലെന്നും ഇപ്പോഴും നിര്‍വാഹക സമിതി അംഗമാണെന്നും നടി സരയൂ മീഡിയവണിനോട് വ്യക്തമാക്കിയിരുന്നു. അമ്മ ഭരണസമിതി പിരിച്ചുവിടേണ്ടിയിരുന്നില്ലെന്നും തെറ്റു ചെയ്യാതെ ഭയന്നോടുന്നത് തനിക്ക് അംഗീകരിക്കാനാവില്ലെന്നും സരയു പറഞ്ഞിരുന്നു. രാജി വയ്ക്കാനുള്ള തീരുമാനം അംഗങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് നടി കുക്കു പരമേശ്വരനും പറയുന്നു.
മോഹൻലാൽ, ജദഗീഷ്, ജയൻ ചേർത്തല, സിദ്ദിഖ്, ബാബുരാജ്, ഉണ്ണിമുകുന്ദൻ, അനന്യ, അൻസിബ ഹസ്സൻ, ജോയ് മാത്യു, ജോമോൾ, കലാഭവൻ ഷാജോൺ, സരയു മോഹൻ, സുരാജ് വെഞ്ഞാറമ്മൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരായിരുന്നു അമ്മയുടെ ഭരണസമിതി അംഗങ്ങൾ.ലൈംഗികാരോപണം ഉയർന്ന പശ്ചാത്തലത്തിൽ സംഘടനയുടെ ജനറൽ സെക്രട്ടറിയായ സിദ്ധിഖിനായിരുന്നു ആദ്യം രാജിവയ്ക്കേണ്ടി വന്നത്. സിദ്ദിഖിന്റെ രാജിക്ക് പിന്നാലെ ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന നടൻ ബാബു രാജിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. ഇതോടെ പ്രതിസന്ധിയിലായ ‘അമ്മ’ ഒടുവില്‍ രാജി വച്ചൊഴിയുകയായിരുന്നു. ആരോപണങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള തന്ത്രമാണിതെന്നാണ് ഒരു വിഭാഗം പറയുന്നത്.
അതേസമയം അമ്മ ഭരണസമിതി പിരിച്ചുവിട്ടതോടെ, പുതിയ ഭാരവാഹികൾ ആരാകണം എന്നത് സംബന്ധിച്ച് സംഘടനയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. പ്രസിഡന്റ്/ ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിലേക്ക് വനിതയെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആരോപണ വിധേയല്ലാത്തവർ ഭാരവാഹി സ്ഥാനത്തേക്ക് വരട്ടെ എന്നാണ് വനിതകൾ ഉൾപ്പെടെ ബഹുഭൂരിപക്ഷം അമ്മ അംഗങ്ങളുടെയും നിലപാട്.