കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരെ വീണ്ടും ആരോപണം. ജൂനിയർ ആർടിസ്റ്റ് സന്ധ്യയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്നാണു വെളിപ്പെടുത്തൽ. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്. അഡ്ജസ്റ്റ്മെന്റിനും തയാറാകണമെന്ന് കാസ്റ്റിങ് ഡയറക്ടർ വിച്ചു നേരിട്ട് ആവശ്യപ്പെട്ടെന്നും സന്ധ്യ വെളിപ്പെടുത്തി.
സുഹൃത്തായ ഒരു നടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തി മുകേഷ് മോശമായി പെരുമാറുകയായിരുന്നുവെന്ന് സന്ധ്യ പറഞ്ഞു. കുറച്ചു വർഷം മുൻപാണു സംഭവം നടന്നത്. അന്നവർ നടനെ അടിച്ചു പുറത്താക്കുകയായിരുന്നു. സുഹൃത്ത് നേരിട്ടു പങ്കുവച്ച വിവരമാണിത്. ഇപ്പോൾ നടിയുടെ പേരു വെളിപ്പെടുത്താനാകില്ലെന്നും സന്ധ്യ പറഞ്ഞു. സിനിമയിൽ അവസരം തരണമെങ്കിൽ അജ്ഡസ്റ്റ്മെന്റിനു തയാറാകണമെന്ന് കാസ്റ്റിങ് ഡയരക്ടർ വിച്ചു ആവശ്യപ്പെട്ടതായും അവർ പറഞ്ഞു. കാസ്റ്റിങ് കൗച്ചിനു തയാറാകണമെന്നാണ് ആവശ്യം. കാസ്റ്റിങ് ഡയരക്ടർമാരും പ്രോഡക്ഷൻ കൺട്രോളർമാരുമാണ് നമ്മളെ ബന്ധപ്പെടുന്നത്. അവരുടെ ആവശ്യപ്രകാരം ഫോട്ടോയും വിവരങ്ങളുമെല്ലാം അയച്ചുകൊടുത്താൽ പിന്നീട് ചോദിക്കുന്നത് കോംപ്രമൈസിനു തയാറാണോ എന്നാണ്. എന്നാൽ, മാത്രമേ റോൾ കിട്ടുകയുള്ളൂവെന്നും ഇല്ലെങ്കിൽ വീട്ടിലിരിക്കേണ്ടിവരുമെന്നും പറയും. ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള അഭിനയത്തിനു തയാറാകണമെന്നുമെല്ലാം ആവശ്യപ്പെട്ടിരുന്നുവെന്നും സന്ധ്യ വെളിപ്പെടുത്തി.
ഇതൊരു പാഷനായി ചെയ്യുന്നതാണ്. ഇങ്ങനെ മോശമായി പെരുമാറുമ്പോൾ മന്നോട്ടുപോകാനാകാതെ ആ പാഷൻ ഉപേക്ഷിക്കുകയാണു ചെയ്യുന്നത്. ഇവിടെ സുരക്ഷിതമായി ജോലി ചെയ്യാനും ബുദ്ധിമുട്ടാണ്. വേതനത്തിന്റെ കാര്യത്തിൽ ചൂഷണം നേരിട്ടിട്ടുണ്ട്. പറയുന്ന വേതനം തരാറില്ല. പറയുന്ന സമയത്തിലേറെ രാത്രി വൈകിയും ജോലിയെടുപ്പിക്കുകയും ചെയ്യും. ഇടനിലക്കാരായി ഇടപെടുന്ന ചിലർ പണം തട്ടുന്നു. കണ്ണൻ ദേവന്റെ പരസ്യം ചെയ്തപ്പോഴും ഇതേ അനുഭവമുണ്ടായി. വേതനത്തിന്റെ കാര്യത്തിൽ കബളിപ്പിക്കപ്പെട്ടത് നിരവധി ജൂനിയർ ആർടിസ്റ്റുകൾ പങ്കുവച്ചിട്ടുണ്ടെന്നും സന്ധ്യ പറഞ്ഞു.