കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. എസ്ഐടിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം കേസില്‍ മൊഴിയെടുക്കല്‍ അടക്കമുള്ള നടപടികള്‍ നടക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. ലൈംഗിക താല്പര്യത്തോടെ സംവിധായകന് രഞ്ജിത്ത് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് കൊച്ചി കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ നടി പറയുന്നത്. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ വെച്ചായിരുന്നു അതിക്രമമെന്നും പരാതിയില്‍ പറഞ്ഞു. പാലേരി മാണിക്യം എന്ന സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ ആരോപണം. വിഷയം വിവാദമായതോടെ ചലചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചിരുന്നു.