ഹേമാകമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ടി വന്നതും, അതേ തുടര്‍ന്നുണ്ടായ സംഭവികാസങ്ങളും സര്‍ക്കാരിന് വലിയ തിരിച്ചടിയായി മാറുമ്പോള്‍ പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം അത് ഓര്‍ക്കാപ്പുറത്ത് വീണുകിട്ടിയ വടിയായി മാറുകയാണ്. വടകരയിലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയേറ്റ കാഫിര്‍ സ്ക്രീന്‍ഷോട്ടിന്റെ മാറ്റുമങ്ങിയപ്പോഴേക്കും പുതിയൊരായുധം കിട്ടിയതിന്റെ സന്തോഷത്തിലാണ് പ്രതിപക്ഷം, പ്രത്യേകിച്ച് കോണ്‍ഗ്രസ്.
ഹേമാ കമ്മിറ്റി റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ നാല് വര്‍ഷം അടയിരുന്നത് കുറ്റക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും സിനിമയിലെ മാഫിയസംഘങ്ങളും സിപിഎമ്മുമായി വളരെ അടുത്ത ബന്ധമുണ്ടെന്നുള്ള ആരോപണം ശക്തിയായി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്. സിപിഎം എംഎല്‍എ മുകേഷിനെതിരെ ലൈംഗികപീഡനാരോപണം ഒരു നടിയുയര്ത്തുകയും അത് കത്തിപ്പടരുകയും ചെയ്തതോടെ പ്രതിപക്ഷത്തിന് വലിയൊരു രാഷ്ട്രീയ നേട്ടത്തിനുള്ള വഴി തുറന്നു കിട്ടുകയായിരുന്നു.
സിനിമാരംഗത്തുള്ള പലരും കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്തുന്നവര്‍ ആണെങ്കിലും ആരോപണ വിധേയരായവരില്‍ സിദ്ധിഖ് ഒഴിച്ച് മറ്റുള്ളവരെല്ലാം കടുത്ത സിപിഎം അനുഭാവികളാണ്. മുകേഷ് ആകട്ടെ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ച് ജയിച്ച എംഎല്‍എയും.
മുകേഷ് എംഎല്‍എ സ്ഥാനം രാജിവച്ചേ മതിയാകൂ എന്ന നിലപാടിലേക്ക് പ്രതിപക്ഷവും പ്രത്യേകിച്ച് കോണ്‍ഗ്രസും എത്തിച്ചേര്‍ന്നതോടെ വലിയൊരു രാഷ്ട്രീയമേല്ക്കൈയ്യാണ് ഈ വിഷയത്തില്‍ പ്രതിപക്ഷത്തിനുണ്ടായിരിക്കുന്നത്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കയ്്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണിപ്പോള്‍. പിണറായി വിജയന് പ്രത്യേക താ്ല്പ്പര്യമെടുത്ത് മല്സരിപ്പിച്ചയാളാണ് മുകേഷ്. പിണറായിയോട് വളരെ അടുത്ത ബന്ധമുള്ളയാളുമാണ്. ഇതാണ് പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം വലിയൊരു പിടിവള്ളിയായിരിക്കുന്നത്.
മുകേഷിനെതിരെ കേസെടുക്കണമെന്ന നിലപാടിലേക്ക് സമരങ്ങളെ കൊണ്ടുപോകാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കേസെടുത്താല്‍ അദ്ദേഹത്തിന്റെ അറസ്റ്റു രേഖപ്പെടുത്തേണ്ടി വരും. നിയമസഭക്കകത്തും പുറത്തും മുകേഷിനെതിരായ ആരോപണം വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമം. ഓണം കഴിഞ്ഞാല്‍ നിയമസഭാ സമ്മേളനമാണ്. അത് വരെ വിഷയം എങ്ങിനെയെങ്കിലും കത്തിച്ചു നിര്‍ത്തുക എന്നതാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളെക്കൊണ്ട് വലിയ സമരങ്ങളും ഉദ്ദേശിക്കുന്നുണ്ട്. ഈ വിഷയം ബിജെപി മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവ് കൂടി കോണ്‍ഗ്രസിനുണ്ട്. അവരുടെ യുവജന -വനിതാ സംഘടനകള്‍ വളരെ ആവേശത്തോടെ തന്നെ ഈ സംഭവം ഏറ്റെടുത്തിട്ടുമുണ്ട്.
മുകേഷിനെതിരെ നിയമനടപടികളിലേക്ക് നീങ്ങിയില്ലങ്കില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഉറപ്പുണ്ട്്. കാരണം അതിജീവിതയായ സ്ത്രീ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമായാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. നിലവിലുള്ള നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാരിന് യാതൊരു നിയമതടസവുമില്ല. ഇതാണ് സര്‍ക്കാരിനെ കുഴപ്പിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ പ്രോസിക്യുഷനില്‍ നിന്നും നിയമോപദേശം തേടിയപ്പോഴും കേസ് രജിസ്റ്റര്‍ ചെയ്യേണ്ടി വരുമെന്ന സൂചനയാണ് മുഖ്യമന്ത്രിക്ക് കിട്ടിയത്. ലൈംഗികകുറ്റകൃത്യം നടന്നു എന്നു വ്യക്തമായ സ്ഥിതിക്ക് വേറേ മാര്ഗമില്ലന്ന നിയമോപദേശം കയ്യില്‍ വച്ചുകൊണ്ട് എത്രനാള്‍ സര്‍ക്കാര്‍ നോക്കിയിരിക്കുമെന്ന് കാത്തിരിക്കുകയാണ് പ്രതിപക്ഷം.
ഏതായാലും അവധാനതയില്ലാത്തത് കൊണ്ടുമാത്രം സര്‍ക്കാര്‍ ചെന്നുചാടിയ ഈ ഊരാക്കുടുക്കിനെ തങ്ങളുടെ രാഷ്ടീയ നേട്ടത്തിന് വേണ്ടി സമര്‍ത്ഥമായി ഉപയോഗിക്കാന്‍ തന്നെയാണ് പ്രതിപക്ഷ തിരുമാനം. റിപ്പോര്‍ട്ടു പുറത്ത് വന്നപ്പോള്‍ തന്നെ വിവാദ ഭാഗങ്ങള്‍ മാറ്റി നിര്‍ത്തി തുടര്‍നടപടിക്കായി സിനിമാക്കാരടങ്ങുന്ന ഒരു കമ്മിറ്റിക്കു ഈ റിപ്പോര്‍ട്ട് കൈമാറിയിരുന്നെങ്കില്‍ ഇത്രയും പ്രശ്നങ്ങളുണ്ടാകില്ലായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടു മുഴുവനായി മൂടി വയ്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം വഴിവച്ചത്. ഇപ്പോഴത് കുടം തുറന്ന് വിട്ട ഭൂതത്തെപ്പോലെയായി.