കൊച്ചി : നടൻ സിദ്ദിഖിന്റെ ആത്മകഥ പ്രകാശനം ചെയ്തു. ‘അഭിനയമറിയാതെ’ എന്നാണ് പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് ആത്മകഥ പ്രകാശനം നടത്തിയത്.
ജീവിതവും സിനിമയും സമ്മാനിച്ച അനുഭവങ്ങളെക്കുറിച്ച് പലപ്പോഴായി പകർത്തിയെഴുതിയത് പുസ്തക രൂപത്തിൽ പുറത്തിറക്കുകയായിരുന്നു. മാതാപിതാക്കളെക്കുറിച്ചും അടുത്ത സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം പുസ്തകത്തിൽ പറയുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നു തുടങ്ങി സിനിമാ മേഖലയിലെ തന്റെ സുഹൃത്തുക്കളെ കുറിച്ചും അവരുമായുള്ള അനുഭവങ്ങളും സിദ്ദിഖ് പറയുന്നു.
മമ്മൂട്ടി പുസ്തകം പ്രകാശനം ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, അപ്രതീക്ഷിതമായി വന്ന ചില തിരക്കുകൾ കാരണം അദ്ദേഹത്തിന് പ്രകാശന ചടങ്ങിലേക്ക് എത്താൻ സാധിച്ചില്ലെന്നു സിദ്ദിഖ് പറഞ്ഞു. എല്ലാ നല്ല കാര്യങ്ങളിലും തുടക്കങ്ങളിലും മമ്മൂക്കയുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.