കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകൾ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. മൂന്ന് കുടുംബങ്ങൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. ഒരു മാസത്തിനുള്ളിൽ താത്കാലിക പുനരധിവാസം നടപ്പാക്കിയത് മാതൃകയാണ്. ചികിത്സ കഴിഞ്ഞ് തിരിച്ച് വരുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുമെന്നും കെ. രാജൻ അറിയിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തിലെ നാശനഷ്ടങ്ങളെക്കുറിച്ച് ഉൾപ്പെടെ വിശദമായ മെമ്മോറാണ്ടം 18ന് കേന്ദ്രത്തിന് സമർപ്പിച്ചെന്നും കേന്ദ്രസഹായത്തിനായി കേരളം കാത്തിരിക്കുകയാണ്. ഇനി ഒന്നും തന്നില്ലെങ്കിലും നമ്മൾ സൗകര്യങ്ങളൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രദേശത്തെ സ്കൂളുകൾ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ. രാജൻ. സെപ്റ്റംബർ രണ്ടിന് പ്രത്യേക പ്രവേശനോത്സവം നടത്തുമെന്നും മന്ത്രി അറിയിച്ചു.വിദ്യാർഥികൾക്ക് മാത്രമായി മൂന്ന് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. പ്രൈവറ്റ്, കെഎസ്ആർടിസി ബസുകളിൽ യാത്രാ പാസ് അനുവദിക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.