തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ ഇടാനാവില്ലെന്ന് ആവർത്തിച്ച് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എകെ ബാലന്. കേസ് എടുക്കുന്നതില്‍ നിയമപരവും സാങ്കേതികവുമായ പ്രശ്നങ്ങളുണ്ട്. കമ്മീഷന് റിപ്പോര്‍ട്ടിന്റെ ഭാഗമായി എഫ്ഐആര്‍ ഇടാന്‍ പ്രതിപക്ഷ നേതാവ് പറയുമോയെന്നും എല്ലാ ഇത്തിള്‍ക്കണ്ണികളെയും പുഴുക്കുത്തുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും എകെ ബാലന് മാധ്യമങ്ങളോട് പറഞ്ഞു.
‘എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിയമപരവും സാങ്കേതിക പരവുമായ പ്രശ്നമുണ്ട്. കോടതി തന്നെ പറഞ്ഞത് ചില കാര്യങ്ങള്‍ ഞങ്ങള്‍ തന്നെ അഡ്രസ് ചെയ്യേണ്ടതായിട്ടുണ്ടെന്നാണ്. അതില്‍ സര്‍ക്കാരിന്റെ അഭിപ്രായമാണ് അവര്‍ തേടിയത്. അതുകൊണ്ടാണ് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ ഇടണമെന്നത് കോടതി പറയാതിരുന്നത്. ഉമ്മന്‍ചാണ്ടിക്കേസില്‍ സുപ്രീം കോടതി തന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട് കമ്മീഷന് റിപ്പോര്‍ട്ടിന്റെ ഭാഗമായി വെളിവാക്കപ്പെട്ട മൊഴികളെ അടിസ്ഥാനപ്പെടുത്തി കേസ് എടുക്കാന്‍ പാടില്ലെന്ന്. പ്രതിപക്ഷ നേതാവ് അതുകൊണ്ടാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ ഇടാന്‍ പറയാത്തത്. കമ്മീഷന് റിപ്പോര്‍ട്ടിന്റെ ഭാഗമായി എഫ്ഐആര്‍ ഇടാന്‍ പ്രതിപക്ഷ നേതാവ് പറയുമോ’- എകെ ബാലന് ചോദിച്ചു.
‘പൊലീസ് അന്വേഷണം നടത്തി അതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളു. പൊലീസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ചില പ്രശ്നങ്ങള്‍ നേരിടുന്നതു കൊണ്ടാണ് ഇത് ഞങ്ങള്‍ അഡ്രസ് ചെയ്യുന്നതാണെന്ന് പറഞ്ഞത്. അടുത്ത പത്തോടുകൂടി റെയിലിന്റെ മുകളില്‍ കയറും. ഇപ്പോള്‍ എഞ്ചിന് ഒരു ഭാഗത്തും കോച്ച് മറ്റൊരു ഭാഗത്തുമാണ് ഉള്ളത്. ഇത് റെയിലിന്റെ മുകളിലാക്കാന്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമാണ്’
‘സര്‍ക്കാരിന് ഇച്ഛാശക്തിയുള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു കമ്മിറ്റിയെ വെച്ചത്. കോടതിയുടെ ചില ക്ലിയറന്‍സ് കൂടി വേണം. എല്ലാ ഇത്തിള്‍ക്കണ്ണികളെയും പുഴുക്കുത്തുകളെയും പുറത്തുകൊണ്ടുവരും. കേണ്‍ക്ലേവ് എന്താണെന്ന് മനസിലാക്കാഞ്ഞിട്ടാണ് അതിനെതിരെ പ്രതിപക്ഷം രംഗത്തവരുന്നത്. കോണ്‍ക്ലേവ് ടേംസ് ഓഫ് റെഫറന്‍സിന്റെ ഭാഗമാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട് എത്രയാളുകള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട് ഒരു പ്രധാനപ്പെട്ട നടന് ജയിലിന്റെ ഉള്ളിലായിരുന്നില്ലേ?. ആ നടനൊപ്പം ഫോട്ടോ എടുത്തത് ഞങ്ങളാണോ? ആരായിരുന്നു അദ്ദേഹത്തെ സ്വീകരിച്ചത്? ഏത് എംഎല്‍എയായിരുന്നു അദ്ദേഹത്തെ സ്വീകരിച്ചത്. അവരോടാണിത് ചോദിക്കേണ്ടത്’- എകെ ബാലന് പറഞ്ഞു.