വിശാഖപട്ടണം: കഴക്കൂട്ടത്തുനിന്നും കാണാതായ അസം സ്വദേശിനി തസ്മിദ് തംസത്തിനെ കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 37 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ താംബരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടി അസമിലേക്ക് പോവുകയായിരുന്നു. കണ്ടെത്തിയ സമയത്ത് തസ്മിദ് ക്ഷീണിതയായിരുന്നു. കുട്ടിയെ റെയിൽവേ പൊലീസിന് കൈമാറി, നാളെ രാവിലെ ചൈൽഡ് ലൈനിനു കൈമാറും.
മലയാളം സമാജം പ്രവർത്തകരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കുട്ടിയെ തിരിച്ചറിയുകയും ഉടനെ പൊലീസിൽ ബന്ധപ്പെട്ട് കുട്ടിയുടെ ചിത്രം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കുട്ടിയെ വിശാഖപട്ടണത്തെത്തിയപ്പോൾ പുറത്തിറക്കുകയും വീണ്ടും സ്ഥിരീകരണം നടത്തുകയും ചെയ്തു. മാതാപിതാക്കളുമായി കുട്ടി മൊബൈലിൽ സംസാരിച്ചു. കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും കുട്ടിയുടെ മാതാപിതാക്കൾ നന്ദി പറഞ്ഞു. സന്തോഷമുണ്ടെന്ന് സഹോദരനും പറഞ്ഞു.
അസം സ്വദേശിനി നേരത്തെ ചെന്നൈയിലെത്തിയതായി സ്ഥിരീകരണമുണ്ടായിരുന്നു. കന്യാകുമാരിയിൽ നിന്നാണ് കുട്ടി ചെന്നൈയിലെത്തിയത്. തുടർന്നായിരുന്നു അടുത്ത യാത്ര.ചൊവ്വാഴ്ച രാവിലെ പത്തിനാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ കാണാതാകുന്നത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്മിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കുട്ടി തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരി ഭാഗത്തേക്ക് ട്രെയിനിൽ പോകുന്നതിന്റെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. മലയാളിയായ മറ്റൊരു യാത്രക്കാരിയാണ് ചിത്രം പകർത്തിയത്. ചിത്രം കുട്ടിയുടെ മാതാപിതാക്കൾ സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും അവിടെ നിന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.