ന്യൂഡൽഹി : എംപോക്സ് വ്യാപനത്തെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻ കരുതൽ നടപടികളുമായി ഇന്ത്യ. എമർജൻസി വാർഡുകൾ തയ്യാറാക്കൽ, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകൽ എന്നിവ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ലക്ഷണങ്ങൾ ഉള്ള രോഗികളെ തിരിച്ചറിയാനും ഐസൊലേഷൻ വാർഡുകൾ ഒരുക്കാനും സർക്കാർ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു.ഡൽഹിയിലെ സഫ്ദർജംഗ്, ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ്, റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ തുടങ്ങി മൂന്ന് നോഡൽ ആശുപത്രികൾ ഇതിനായി പ്രത്യാകമായി തയ്യാറാക്കിയിട്ടുണ്ട്. സംശയമുള്ള രോഗികളിൽ ആർടി-പിസിആർ, നാസൽ സ്വാബ് ടെസ്റ്റുകൾ എന്നിവ നടത്താനും തീരുമാനിച്ചിട്ടുണ്ട്.ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ വിമാനത്താവളങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ലോകാരോഗ്യ സംഘടന കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. വൈറസിൻ്റെ ഒരു പുതിയ വകഭേദം കൂടുതൽ ശക്തി വർദ്ധിപ്പിച്ചിരിക്കുകയാണ്. ലൈംഗിക സമ്പർക്കം ഉൾപ്പെടെയുള്ള പതിവ് അടുത്ത സമ്പർക്കത്തിലൂടെ ഇത് കൂടുതൽ എളുപ്പത്തിൽ വ്യാപിക്കുമെന്നാണ് വിലയിരുത്തൽ.ഇന്ത്യയിൽ ഇതുവരെ പുതിയ വകഭേദ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.. ഓഗസ്റ്റ് 16 ന് യുഎഇയിൽ നിന്ന് രാജ്യത്തേക്ക് വന്ന മൂന്ന് എംപോക്സ് രോഗികളെ പാകിസ്ഥാൻ കണ്ടെത്തിയിരുന്നു .
നേരത്തെ, ആഫ്രിക്കയ്ക്ക് പുറത്ത് സ്വീഡനിലാണ് ആദ്യത്തെ എംപോക്സ് കേസ് സ്ഥിരീകരിച്ചിരുന്നത്. 2022 ജൂൺ മുതൽ 2023 മെയ് വരെ 30 പോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു – കൂടുതലും വിദേശികൾ. അവസാനത്തെ സ്ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ മരണ സാധ്യത വളരെ കൂടുതലാണെന്നും അവർ കൂട്ടിച്ചേർത്തു.