മലയാള സിനിമയിലെ സ്ത്രീ പ്രവർത്തകരും കലാകാരികളും അനുഭവിക്കുന്ന പ്രതിസന്ധികളെയും, പ്രശ്നങ്ങളെയും കുറിച്ച് പഠിക്കാനാണ് 2019 ൽ ഹൈകോടതി മുൻ ജഡ്ജി കെ ഹേമ അധ്യക്ഷയും മുൻ ഐഎഎസ് ഓഫീസർ വത്സല കുമാരി, മുൻ കാല ചലച്ചിത്ര താരം ശാരദ അംഗങ്ങളും ആയി ജസ്റ്റിസ് ഹേമാ കമ്മീഷൻ എന്ന പേരിൽ ഒരു കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം ഈ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ മടിച്ചു. അങ്ങിനെ രൂപീകരിച്ചാൽ സർക്കാരിന് പിന്നീട് അത് തലവേദനയാകും. കാരണം കോടികൾ എറിഞ്ഞു കളിക്കുന്ന ഒരു വ്യവസായത്തെയാണ് ഇതിലെ കണ്ടെത്തലുകൾ ഗുരുതരമായ ബാധിക്കുക എന്ന് സർക്കാരിനറിയാം.
കമ്മീഷന് മുന്നിൽ എത്തിയവർ പറഞ്ഞ കാര്യങ്ങൾ താൻ രേഖപെടുത്തുക മാത്രമാണ് ചെയ്തതെന്നും വസ്തുതകൾ കണ്ടെത്തൽ അഥവാ fact finding ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും അതു കൊണ്ട് റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്നും ജസ്റ്റിസ് ഹേമ തന്നെയാണ് സർക്കാരിന്നോടാവിശ്യപ്പെട്ടത്. റിട്ടയർ ചെയ്ത ജഡ്ജിമാരെ അധ്യക്ഷരാക്കി കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം രൂപീകരിക്കുന്ന അന്വേഷണ കമ്മീഷൻ്റെ സ്വഭാവം ആയിരുന്നില്ല ഹേമ കമ്മറ്റിക്ക്. അതുകൊണ്ട് തന്നെ റിപ്പോർട്ട് എങ്ങനെ സമർപ്പിക്കണം, എപ്പോൾ അങ്ങനെ പുറത്തുവിടണം, തുടർനടപടി ഏങ്ങനെ വേണം തുടങ്ങിയ കാര്യങ്ങളിലൊന്നും സർക്കാരിന് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. അതു കൊണ്ടാണ് റിപ്പോർട്ട് പുറത്തു വിടേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിച്ചേർന്നത്.
2019 ഡിസംബർ 31നാണ് ഹേമാ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കപ്പെട്ടത്. എന്നാൽ അഞ്ചു വർഷം സർക്കാർ അതു പുറത്തു വിടാൻ തെയ്യാറായില്ല.ചിലരുടെ പേരുകൾ വ്യക്തിപരമായി അതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെയാണ് ഈ റിപ്പോർട്ട് വെളിച്ചം കാണാതിരുന്നത്. നിയമപരമായി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് ഭയന്ന് ആ പേജുകൾ ഒഴിവാക്കി ബാക്കി ഉള്ള 238 പേജുകൾ ആണ് പുറത്തു വിട്ടത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് കൊട്ടിഘോഷിക്കപ്പെടുന്നത് പോലെ വലിയ ചലനങ്ങൾ ഒന്നും ഉണ്ടാക്കില്ല എന്നതാണ് യാഥാർഥ്യം. ഈ റിപ്പോർട്ട് വച്ചു ഒന്നും ചെയ്യാൻ സർക്കാരിന് കഴിയുകയുമില്ല. 2017ൽ എറണാകുളത്തു വച്ചു ഓടുന്ന കാറിൽ ഒരു നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്നാണ് WCC അഥവാ വിമൻസ് കളക്റ്റീവ് ഇൻ സിനിമ എന്ന സംഘടന രൂപമെടുക്കുന്നത്. മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമാ ലോകത്തു തന്നെ ഇത്തരത്തിൽ ഒരു സംഘടന ആദ്യമായിരുന്നു. ഈ സംഘടനയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രയാസങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. കമ്മീഷൻ ഓഫ് എൻക്വ യറീസ് ആക്ട് പ്രകാരം കമ്മീഷൻ രൂപീകരിച്ചു ഈ വിഷയം പഠിക്കുന്നതിന് പരിമിതികൾ ഉണ്ടെന്നു സർക്കാരിന് തന്നെ അറിയാമായിരുന്നു. മാത്രമല്ല അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ചും സർക്കാർ ഗൗരവമായി ആലോചിച്ചു. ഇതോടെയാണ് കിട്ടുന്ന വിവരങ്ങൾ ഡോക്യുമെന്റ് ചെയ്യുക എന്നത് മാത്രം ഉദ്ദേശിച്ചു കൊണ്ട് ഒരു കമ്മീഷനെ തട്ടിക്കൂട്ടിയത്.
കേരളത്തിലെ ഏറെക്കുറെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് ഞെട്ടിപ്പിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് കേരളത്തിലെ മാധ്യമങ്ങൾ പുറത്തു വിട്ടത് എന്നാണ് സിനിമാ രംഗത്തെ പലരും അഭിപ്രായപ്പെടുന്നത്. ഒരു പഴയ കാല സംവിധായകൻ പറഞ്ഞ പോലെ കമ്മീഷൻ മാത്രമായിരിക്കും ഒരുപക്ഷെ ഇതെല്ലാം കേട്ട് ഞെട്ടിയത്.