തിരുവനന്തപുരം: മലയാള സിനിമയില്‍ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. സിനിമാ രംഗത്തുള്ളവര്‍ക്ക് പുറമേയുള്ള തിളക്കം മാത്രമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കും. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. സ്ത്രീകളെ ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്മാരുമുണ്ടെന്ന വെളിപ്പെടുത്തലുകളും റിപ്പോർട്ടിലുണ്ട്.
അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. സഹകരിക്കാൻ തയാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.ലൈംഗിക ചൂഷണത്തിനെതിരെ പരാതിപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ട്. പോക്സോ പോലും ചുമത്തേണ്ട കുറ്റകൃത്യങ്ങളുണ്ട്. പക്ഷേ പ്രത്യാഘാതങ്ങള്‍ ഭയന്ന് നിശബ്ദരായിരിക്കുകയാണെന്നും മൊഴികളുണ്ട്. വെളിപ്പെടുത്തലുകളില്‍ വിങ്ങലുകള്‍ കേട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.