വയനാട് ദുരിതാശ്വാസത്തിനു പണം പിരിക്കാൻ ഡിവൈഎഫ്ഐ കണ്ടെത്തിയ നൂതന മാർഗമായ പോർക്ക് ചലഞ്ച് അതിബുദ്ധി ആയിപ്പോയോ എന്ന് സിപിഎമ്മിനു തന്നെ സംശയം.കാസറഗോഡ് ജില്ലയിലെ രാജപുരത്തും, എറണാകുളം ജില്ലയിലെ കോതമംഗലത്തുമാണ് വയനാട് ദുരിതബാധിതർക്കായുള്ള ആശ്വാസധനം സ്വരൂപിക്കാൻ വേണ്ടി ഡി വൈ എഫ് ഐ പോർക്ക് ചലഞ്ചു നടത്തുന്നത്. രാജപുരത്തു 350 കിലോ പോർക്കാണ് വിറ്റത്. കോതമംഗലത്തു ഞായറാഴ്ചയായിരുന്നു പരിപാടി. എത്ര കിലോ പോർക്ക് വിറ്റുവെന്നുവെന്ന റിപ്പോർട്ട് ഇതു വരെ സംഘടന പുറത്തു വിട്ടിട്ടില്ല.
മേല്പറഞ്ഞ രണ്ടു പ്രദേശങ്ങളും മുസ്ലിം പ്രാതിനിധ്യം വളരെ കുറഞ്ഞതും എന്നാൽ ധാരാളം ക്രിസ്തുമത വിശ്വാസികൾ ഉള്ളതുമാണ്. അത് കൊണ്ടാണ് ഈ പ്രദേശങ്ങൾ തന്നെ പോർക്ക് ചലഞ്ചിനായി ബുദ്ധി പൂർവ്വം തെരെഞ്ഞെടുത്തതും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തോതിൽ ക്രിസ്ത്യൻ വോട്ടുകൾ സിപിഎമ്മിനു നഷ്ടപ്പെട്ടിരുന്നു. ഇതു തിരിച്ചു പിടിക്കാനും അതോടൊപ്പം വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയ പരുക്കിൽ നിന്നും താൽക്കാലത്തെക്കെങ്കിലും രക്ഷപ്പെടാനും ഉള്ള സൈക്കോളജിക്കൽ നീക്കം ആണ് ഡിവൈഎഫ്ഐയുടെ പോർക്ക് ചലഞ്ചിനു പിന്നിൽ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
എന്നാൽ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി ഇതിനെതിരെ രംഗത്ത് വന്നത് സിപിഎമ്മിനെ അല്പം ഒന്നു പിന്നോട്ട് വലിച്ചിട്ടുണ്ട്. പോർക്ക് ചലഞ്ചിനു ഇത്ര പബ്ലിസിറ്റി കൊടുത്തത് അബദ്ധമായി പോയോ എന്നാണ് ചില പ്രമുഖ സിപിഎം നേതാക്കളെ ങ്കിലും സംശയിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മുസ്ലിം വിഭാഗത്തിന്റെ വോട്ട് എല്ലാ മണ്ഡലങ്ങളിലും യുഡി എഫിനാണു വീണത് എങ്കിലും വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും, അതിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതു മുന്നണിയെ സംബന്ധിച്ചിടത്തോളം മുസ്ലിം വോട്ടുകൾ നിർണായകമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ വോട്ടുകൾ മോദിക്കെതിരെ ആണെന്നും ഇനി വരാൻ പോകുന്ന തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചിത്രം മാറുമെന്നും മുതിർന്ന സിപിഎം നേതാക്കളിൽ പലരും കരുതുന്നു. അപ്പോൾ 27% വരുന്ന ഒരു വിഭാഗത്തെ പൂർണമായും പിണക്കുന്നത് ബുദ്ധിയല്ല എന്നാണ് സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുടെ അഭിപ്രായം.
ഇതോടെയാണ് വെളുക്കാൻ തേച്ചത് പാണ്ടായോ എന്ന സംശയം പാർട്ടിക്കുള്ളിൽ തന്നെ ഉണ്ടായത്. ലഭിക്കാൻ സാധ്യത ഇല്ലാത്ത ക്രിസ്ത്യൻ വോട്ടുകൾ പ്രതീക്ഷിച്ചുകൊണ്ട് ഇനിയും പ്രതീക്ഷ അർപ്പിക്കാൻ കഴിയുന്ന മുസ്ലിം വോട്ടുകളെ വെറുപ്പിക്കുന്നത് രാഷ്ട്രീയമായി ബുദ്ധിയല്ല എന്നായിരുന്നു സിപിഎമ്മിന്റെ പരിണിത പ്രഞ്ജരായ നേതാക്കളുടെ അഭിപ്രായം. ഇതു മനസിലാക്കിയാണ് നാസർ ഫൈസി കൂടത്തായിക്കെതിരെ സിപിഎം – ഡിവൈ എഫ്ഐ നേതാക്കൾ ആരും രംഗത്ത് വരാതിരുന്നതുമെന്നാണ് സിപിഎം വൃത്തങ്ങൾ പറയുന്നത്. ഏതായാലും പോർക്ക് ചലഞ്ച് ഉദ്ദേശിച്ച ഫലം ചെയ്തില്ല എന്ന് തന്നെയാണ് പാർട്ടിയുടെ വിലയിരുത്തൽ. ഡിവൈഎഫ്ഐ അണികൾക്കും, നേതാക്കൾക്കും രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവ് നന്നായി ഉണ്ടെന്നു സിപിഎം സംസ്ഥാന നേതൃത്വം അടുത്തയിടെ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.