ന്യൂഡൽഹി: ജമ്മു കശ്മീർ, ഹരിയാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ മൂന്നു ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടക്കുന്നത്. ഹരിയാനയിൽ ഒക്ടോബര്‍ ഒന്നിന് ഒറ്റ ഘട്ടമായും വോട്ടെടുപ്പ് നടക്കും. വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇത്തവണയില്ല. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറാണു പ്രഖ്യാപനം നടത്തിയത്.
സെപ്റ്റംബര്‍ 18നാണ് കശ്മീരില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നത്. 25നു രണ്ടാം ഘട്ടവും ഒക്ടോബര്‍ ഒന്നിനു മൂന്നാം ഘട്ടവും നടക്കും. ഒക്ടോബര്‍ നാലിനാണ് ജമ്മു കശ്മീരിലും ഹരിയാനയിലും ഫലപ്രഖ്യാപനം. രാഹുല്‍ ഗാന്ധി രാജിവച്ച ഒഴിവില്‍ വയനാടിലേക്കുള്ള ഉപതെരഞ്ഞെടുപ്പും മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളും ഇന്നു പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഉണ്ടായില്ല. പ്രളയവും ഉരുള്‍പൊട്ടലും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥ കാരണമാണ് വിവിധ സംസ്ഥാനങ്ങളില്‍ ലോക്സഭാ-നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കേണ്ട ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ പ്രഖ്യാപിക്കാത്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്തു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2014ലാണ് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ മെഹബൂബ മുഫ്തിയുടെ പി.ഡി.പി ബി.ജെ.പിയുമായി ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എന്നാല്‍, 2018ല്‍ ബി.ജെ.പി മെഹബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു. ഇതിനു പിന്നാലെ 2019ലായിരുന്നു കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ് മോദി സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം. ജമ്മു കശ്മീരും ലഡാക്കും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുശേഷം ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നു മുറവിളികള്‍ ഉയര്‍ന്നിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല. ഒടുവില്‍, ഈ വര്‍ഷം സെപ്റ്റംബര്‍ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ഉത്തരവിടുകയായിരുന്നു.
ഹരിയാനയിൽ നയാബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണു നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 90 സീറ്റിലേക്കാണു വോട്ടെടുപ്പ് നടക്കുന്നത്. 90 സീറ്റിലും ബി.ജെ.പി ഒറ്റയ്ക്കു മത്സരിക്കും. ഇൻഡ്യ മുന്നണിയിലെ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒറ്റയ്ക്കാണു തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തിൽ അഞ്ച് സീറ്റ് സ്വന്തമാക്കി കോൺഗ്രസ് വൻ തിരിച്ചുവരവ് നടത്തിയിരുന്നു.