വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ പ്രചരിച്ച കാഫിര്‍ സ്ക്രീന്‍ ഷോട്ടിന് പിന്നില്‍ സിപിഎമ്മിലെ ചില കേന്ദ്രങ്ങളാണെന്ന സൂചന അതിറങ്ങിയ സമയത്ത് വ്യാപകമായിരുന്നു. കെകെ ശൈലജയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാന്‍ മനപ്പൂര്‍വ്വമായ ശ്രമം സിപിഎമ്മിന്റെ ചിലരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു എന്നത് വസ്തുതയാണ്. അവരെ വടകരയില്‍ മല്‍സരിപ്പിക്കുന്നത് തന്നെ പാര്‍ട്ടിയില്‍ ഒതുക്കുന്നതിന് വേണ്ടിയാണെന്ന ധാരണ പ്രബലമായിരുന്നു.
പിണറായി വിജയന്റെ പിന്‍ഗാമിയായി ചിത്രീകരിക്കപ്പെട്ട കാലം മുതല്‍ കെകെ ശൈലജയുടെ വിധി നിര്ണ്ണിയിച്ചു കഴിഞ്ഞുവെന്നാണ് സിപിഎമ്മിന്റെ അകത്തളസംസാരം. 2016-21 കാലത്ത് മന്ത്രിയായിരുന്ന ആരെയും പുതിയ സര്‍ക്കാരില്‍ മന്ത്രിയാക്കേണ്ടെന്ന് തിരുമാനം പിണറായി കൈക്കൊണ്ടത് തന്നെ ശൈലജയെ വീണ്ടും മന്ത്രിയാക്കാതിരിക്കാനാണ് എന്നും സിപിഎമ്മിനുള്ളില്‍ സംസാരമുണ്ടായിരുന്നു. കാഫിറായ കെകെ ശൈലജക്ക് വോട്ടുചെയ്യരുതെന്നും ഇസ്ളാം മത വിശ്വാസിയായ അഞ്ചുനേരം നിസ്കരിക്കുന്ന ഷാഫി പറമ്പിലിന് വോട്ടുചെയ്യണമെന്നും മുസ്ളീം വിശ്വാസികളോട് പറയുന്ന തരത്തിലുള്ള ഒരു മൊബൈല്‍ സ്ക്രീന്‍ ഷോട്ട്് വടകര ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ തൊട്ടുതലേ ദിവസമാണ് പ്രചരിച്ചത്.ലീഗ് പ്രവര്‍ത്തകരാണ് അത് പ്രചരിപ്പിച്ചതെന്ന് വാദവുമായി അപ്പോള്‍ തന്നെ സിപിഎം ഇറങ്ങുകയും ചെയ്തു.
എന്നാല്‍ ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ളീം ലീഗും കോണ്‍ഗ്രസും പൊലീസിനെ സമീപിച്ചതോടെ കളിമാറി. സിപിഎം ഉദ്ദേശിച്ച നിലയിലല്ല അവര്‍ക്കു തന്നെ തിരച്ചടിയാകുമെന്ന രീതിയിലേക്കാണ് പിന്നീട് ഇത് മാറിയത്. ആര്‍എംപി നേതാവ് കെകെ രമയാണ് ഈ സ്ക്രീന്‍ ഷോട്ടിന് പിന്നില്‍ സിപിഎമ്മിലെ ചിലര്‍ക്ക് പങ്കുണ്ടെന്ന് ആദ്യമായി പറഞ്ഞത്. കോഴിക്കോട് ജില്ലയിലെ സിപിഎം വിഭാഗീയതയുടെ ഭാഗമായാണ് ഈ സ്ക്രീന്‍ ഷോട്ടുപുറത്ത് വന്നതെന്നും തന്നെയല്ല കെകെ ശൈലജയെത്തന്നെയാണ് ഇതുണ്ടാക്കിയവര്‍ ലക്ഷ്യമിടുന്നതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ അന്നേ പറഞ്ഞിരുന്നു.
കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്, ഭാര്യയും മുന്‍ എംഎല്‍എയുമായ കെകെ ലതിക, മകന് ജൂലിയസ് നികിതാസ് എന്നിവരിലേക്കാണ് പൊലീസ് അന്വേഷണത്തിന്റെ മുനകള്‍ നീളുന്നത് എന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ അന്ന് തന്നെ ആരോപിച്ചിരുന്നു. ഈ വ്യാജ സ്ക്രിന്‍ഷോട്ട് പങ്കുവച്ചവരില്‍ കെകെ ലതികയുമുണ്ടായിരുന്നു. കെകെ ലതികയെ പരസ്യമായി തള്ളുന്ന നിലപാടാണ് കെകെ ശൈലജ ഇപ്പോള്‍ കൈക്കൊണ്ടത്. തന്നെ തകര്‍ക്കാന്‍ സിപിഎംശ്രമിച്ചുവെന്ന് ശൈലജക്കും വ്യക്തമായി കഴിഞ്ഞു. കെകെ ലതിക സ്ക്രീന്‍ ഷോട്ട് പങ്കുവച്ചത് ഒരിക്കലും ശരിയായല്ലന്നാണ് കെകെശൈലജ പറഞ്ഞത്. മാത്രമല്ല ഈ സ്ക്രീന്ഷോട്ടുണ്ടാക്കിയവര് ഇടതുപക്ഷക്കാരല്ലന്നും അവര്‍ പറഞ്ഞു. ലതികയുടെയും പി മോഹനന്റെയും മകന് ജൂലിയസ്് നികിതാസ് എന്നിവര്‍ക്ക് നേരെയാണ് ഇക്കാര്യത്തില്ഷൈലജ വിരല്‍ ചൂണ്ടുന്നത്.
കോഴിക്കോട് ആസ്ഥാനമാക്കിയുളള മലബാറിലെ സിപിഎം സൈബര്ടീമുകളെ നയിക്കുന്നത് നികാതാസ് ജൂലിയസാണ്. അപ്പോള്‍ കാഫിര്‍ സ്ക്രീന്ഷോട്ടുപുറത്ത് വന്നതില്‍ പി മോഹനനനും കെകെ ലതികക്കും പങ്കുണ്ടെന്ന് ഷൈലജയും അവരെ പിന്തുണക്കുന്നവരും സംശയിക്കുന്നുണ്ട്. എന്തിനാണ് ഈ സ്ക്രീന്ഷോട്ടു പങ്കുവച്ചതെന്ന് താന്‍ കെകെ ലതികയോട് ചോദിച്ചുവെന്നും ലോകം അറിയാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്നു കെകെ ലതിക മറുപടി പറഞ്ഞതായും ശൈലജ വെളിപ്പെടുത്തിയിരുന്നു. തന്നെ പ്രതിരോധത്തിലാക്കാനും തെരെഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് രൂപപ്പെടുത്തിയ തിരക്കഥയുടെ ഭാഗമാണ് ഈ സ്ക്രീന്‍ഷോട്ടെന്ന് അവര്‍ പറയാതെ പറയുകയായിരുന്നു.
പിണറായി കഴിഞ്ഞാല്‍ കണ്ണൂര്‍ ലോബിയിലെ ഏറ്റവും ശക്തരായ രണ്ടുനേതാക്കളായിരുന്നു കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ കൂടിയായ ഇപി ജയരാജനും, കെകെ ശൈലജയും. ഇതില്‍ ഇപിയെ മകന്റെ റിസോര്‍ട്ടില്‍ കുടുക്കിമൂലക്കിരുത്തി. എന്നാല്‍ ശൈലജയെ അത്തരം കേസുകളിലൊന്നും കുടുക്കാന്‍ കഴിയില്ലന്ന്് മനസിലായപ്പോള്‍ രാഷ്ട്രീയമായി ദുര്‍ബലമാക്കുക എന്ന തന്ത്രം ചിലര്‍ പ്രയോഗിച്ചുവെന്നാണ് അവര്‍ തന്നെ സൂചന നല്‍കുന്നത്. 2026 ലെ തെരെഞ്ഞെടുപ്പ് കെകെ ശൈലജ നയിക്കുമെന്ന പ്രചാരണം ചില കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നതാണ് അവര്‍ക്ക് വിനയായത്. ദേവസ്വം മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന്റെ പേരും ഇത്തരത്തില്‍ കേട്ടിരുന്നു. അതോടെ അദ്ദേഹത്തെ മന്ത്രി സ്ഥാനം രാജിവപ്പിച്ചു ലോ്ക്സഭായിലേക്കയച്ചു.
ശൈലജ ജയിച്ചാലും തോറ്റാലും അവരെ കേരളത്തിലെ സിപിഎമ്മിലെ നിര്‍ണ്ണായക സ്ഥാനത്ത് നിന്നും നീക്കി നിര്‍ത്താനുള്ള വഴിമരുന്നായി തീരുമെന്ന് മനസിലാക്കിയാണ് പാര്‍ലമെന്റിലേക്ക് മല്സരിക്കാനയച്ചത്. കേരളത്തിലെ സിപിഎമ്മില്‍ അതിശക്തമായിക്കൊണ്ടിരിക്കുന്ന വിഭാഗീയതയുടെ പ്രത്യക്ഷ രൂപമാണ് വടകര ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കണ്ടതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. പിണറായിക്കു ബദലായി പാര്‍ട്ടിയില്‍ ഒരു നേതാവുണ്ടാകാന്‍ പാടില്ലന്ന ഉറച്ച തിരുമാനം തന്നെയാണ് ഈ വിഭാഗീയതക്ക് പിന്നില്‍.