തൃശൂർ: ഹീവാൻ നിധി ലിമിറ്റഡ് നിക്ഷേപ തട്ടിപ്പിൽ കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസൻ കസ്റ്റഡിയിൽ. ധനകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയരക്ടറാണ് ശ്രീനിവാസൻ. കാലടിയിൽനിന്നാണ് തൃശൂർ സിറ്റി പൊലീസ് പിടികൂടിയത്.
പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ് എന്നീ സ്ഥാപനങ്ങൾ വഴി കോടികളുടെ തട്ടിപ്പു നടത്തിയെന്നാണ് കേസ്. വൻ പലിശ വാഗ്ദാനം ചെയ്ത് കോടികൾ നിക്ഷേപം സ്വീകരിച്ചതായി നേരത്തെ പരാതി ഉയർന്നിരുന്നു. പലിശയോ നിക്ഷേപമോ തിരിച്ചുനൽകുകയും ചെയ്തില്ല. കേസിൽ ആഗസ്റ്റ് അഞ്ചിന് ഹീവാൻ ചെയർമാൻ ടി.എ സുന്ദർ മേനോനെ അറസ്റ്റ് ചെയ്തിരുന്നു. ഹീവാൻ കമ്പനിയുടെയും ഉടമകളുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികളുമുണ്ടാകും.