ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ഷേഖ് ഹസീനയുടെ പതനത്തിന് പിന്നാലെ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി സിപിഎം. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും അവരുടെ ആരാധനാലയങ്ങള്‍ക്ക് നേരെയും കടുത്ത ആക്രമണമാണ് നടക്കുന്നത്. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വീടുകളും സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ പുതുതായി അധികാരമേറ്റ ഇടക്കാല സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ പതനത്തിന്റെ ഫലമായുണ്ടായ അരാജക സാഹചര്യം മുതലെടുക്കുന്ന മതമൗലികവാദികളാണ് ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യം വയ്ക്കുന്നത് എന്നും സിപിഎം പിബി കുറ്റപ്പെടുത്തി. ഹിന്ദു ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഇന്ത്യയിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ബംഗ്ലാദേശ് അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലികളും മറ്റും നടത്തിയ സിപിഎം, ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുമ്പോള്‍ നിശബ്ദത പാലിക്കുകയാണെന്ന് സംഘപരിവാര്‍ ആരോപിച്ചിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളും, 2024 ലോക്സഭ തെരഞ്ഞെടുപ്പ് തിരിച്ചടികളും കൂടി കണക്കിലെടുത്താണ് സിപിഎം ഇത്തരമൊരു പ്രസ്താവന ഇറക്കാന്‍ തയ്യാറായതെന്നാണ് സൂചന.