കൊച്ചി: പുകവലിരഹിത ഭവനം പദ്ധതിയുടെ ഭാഗമായി അമൃത ആശുപത്രിയിൽ ശിൽപശാല സംഘടിപ്പിച്ചു. കൊച്ചി കോർപ്പറേഷന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും (എൻഎച്ച്എം) സഹകരണത്തോടെ അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗമാണ് ശിൽപശാല സംഘടിപ്പിച്ചത്. കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
വനിതാ സ്വയം സഹായ സംഘങ്ങളുടെ മേൽനോട്ടത്തിലാണ് പുകവലിരഹിതഭവനം പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കൊച്ചി നഗരപരിധിയിലും ചേരാനല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലുമായി 7000 ത്തോളം ഓളം വീടുകളിൽ അമൃതയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ വീടുകളിലെ പുകവലി സംബന്ധിച്ച പഠനം നടത്തിയിരുന്നു. 30 ക്ലസ്റ്ററുകളിൽ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളും സന്നദ്ധ പ്രവർത്തകരും ആശ പ്രവർത്തകരും കൂടി ചേർന്നാണ് ഈ പഠനം വിജയകരമായി നടത്തിയത്. ഈ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായാണ് ഓരോ ക്ളസ്റ്ററുകളിൽ നിന്നുമുള്ള ആശ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചത്.
ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേഷ്, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ സവിത, അമൃത ആശുപത്രിയിലെ സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.പ്രതാപൻ നായർ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.എസ്.അശ്വതി, പബ്ലിക് ഹെൽത്ത് വിഭാഗം മേധാവി ഡോ. കെ.ആർ തങ്കപ്പൻ, ഡോ.കെ.എൻ പണിക്കർ, ഡോ.ശോഭ ജോർജ്ജ്, ഡോ.ശ്രീലക്ഷ്മി മോഹൻദാസ്, ഡോ.കെ സുധീഷ് തുടങ്ങിയവർ സംസാരിച്ചു.