ഓഗസ്റ്റ് അവസാനത്തോടെ ഉദയനിധി സ്റ്റാലിനെ തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന സൂചനകള്‍ ശക്തമായിരിക്കേ, 2026 ലെ നിയമസഭാ തെരെഞ്ഞെടുപ്പോടെ എംകെ സ്റ്റാലിന് കളമൊഴിയുമെന്ന സാഹചര്യമുണ്ടാകുമെന്നും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള സ്റ്റാലിന് 2026 ലെ തെരെഞ്ഞെടുപ്പിനെ നയിക്കാന്‍ പറ്റുമോ എന്ന സംശയം ഡിഎംകെക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. അതേ തുടര്‍ന്നാണ് ഇപ്പോള്‍ സ്പോര്‍ട്സ് യുവജനക്ഷേമ മന്ത്രിയായ ഉദയനിധിയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതെന്നാണ് ഡിഎംകെ വൃത്തങ്ങള്‍ നല്കുന്ന സൂചന. ഓഗസ്റ്റ് പത്തൊമ്പതിന് ശേഷം ഉദയനിധിയെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാനാണ് സ്റ്റാലിന് ഉദ്ദേശിക്കുന്നതെന്നാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഓഗസ്റ്റ് 22ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് വിദേശ സന്ദര്‍ശനത്തിനായി പോകുകയാണ്. മൂന്നാഴ്ചത്തേയ്ക്കാണ് സ്റ്റാലിന്റെ യുഎസ് സന്ദര്‍ശനം. ഇതിന് മുന്‍പ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന തരത്തിലാണ് സൂചനകള്‍ പുറത്തുവരുന്നത്.
മുത്തുവേല്‍ കരുണാനിധിയുടെ മൂന്നാമത്തെ മകനായ സ്റ്റാലിന് തുടക്കം മുതലെ ഡിഎംകെയില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെട്ടയാളാണ്. 2006 ല്‍ കരുണാനിധി മുഖ്യമന്ത്രിയായി വീണ്ടുമെത്തിയപ്പോള്‍ 2009-2011 കാലത്ത് സ്റ്റാലിനും ഉപമുഖ്യമന്ത്രിയായിരുന്നു. അതേ മാതൃകയിലാണ് ഉദയനിനിധി എംകെ സ്റ്റാലിന്റെ പിന്‍ഗാമിയാകുന്നതും. സിനിമയിലൂടെയാണ് ഉദയനിധിയുടെ രാഷ്ട്രീയ അരങ്ങേറ്റമെങ്കില്‍ എംകെ സ്റ്റാലിന് ആകട്ടെ തികഞ്ഞ രാഷ്ട്രീയക്കാരനായിരുന്നു. പതിനഞ്ചാമത്തെ വയസില്‍ തന്റെ അമ്മാവന് മുരശൊലിമാരന്‍ വേണ്ടി പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയാണ് സ്റ്റാലിന് രാഷ്ട്രീയ പ്രവേശനം തുടങ്ങിയതെങ്കില്‍ സിനിമാ നിര്‍മ്മാതാവും അതിന് ശേഷം അഭിനേതാവുമായാണ് ഉദയനിധി രാഷ്ട്രീയത്തിലെത്തിയത്.
എംകെ സ്റ്റാലിന് നേരിട്ട കടുത്ത രാഷ്ട്രീയാനുഭവങ്ങളിലൂടെയൊന്നും കടന്ന് പോകേണ്ടി വന്നിട്ടില്ലാത്ത ഉദയനിധിക്ക് പക്ഷെ ഡിഎംകെയില്‍ പേരിന് പോലും എതിരാളികളില്ല. ഡിഎംകെയില്‍ മാത്രമല്ല ജയലളിതയുടെ മരണ്ത്തോടെ എഐഡിഎംകെ തകര്‍ന്നതിന് ശേഷം പ്രതിപക്ഷത്ത് പോലും അദ്ദേഹത്തിന് ഭീഷണിയാകാന്‍ ആരുമില്ല.അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമര്‍ദ്ദനത്തിന് ഇരയാവുകയും ജയിലില്‍ കിടന്ന് തന്റെ ബിരുദപ്പരീക്ഷ എഴുതുകയും ചെയ്യേണ്ടി വന്നയാളാണ് എംകെ സ്റ്റാലിന്. സ്റ്റാലിനെ മര്ദ്ധിക്കുന്നതിനെ ചെറുക്കാന്‍ ശ്രമിച്ച ഡിഎംകെയുടെ പാര്‍ലമെന്റംഗവും മുന്‍ മദ്രാസ് മേയറുമായ ചിട്ടിബാബു മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്ന അവസ്ഥ വരെയുണ്ടായി. അതുകൊണ്ട് തന്നെ കരുണാനിധിയുടെ മകനാണെങ്കിലും വലിയ പോരാട്ടങ്ങള്‍ നടത്തിയാണ് എംകെ സ്റ്റാലിന് ഡിഎംകെയുടെ തലപ്പെത്തെത്തുന്നത്. 2018 ല്‍ കരുണാനിധി വിടവാങ്ങിയപ്പോഴാണ് അദ്ദേഹം ഡിഎംകെയുടെ അധ്യക്ഷനാകുന്നതും.
എന്നാല്‍ ഉദയനിധിയാകട്ടെ തമിഴ്നാട്ടിലെ പുതിയ തലമുറയുടെ പ്രതിനിധിയെന്ന് അവകാശപ്പെടുന്നയാളാണ്. ഡിഎംകെയുടെ കുത്തക സീറ്റായ ചേപ്പോക്ക് – തിരുവല്ലിക്കേനിമണ്ഡലത്തില് നിന്നാണ് എഴുപതിനായിരത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉദയനിധി 2021 ല്‍ ആദ്യമായി അസംബ്ളിയിലെത്തുന്നത്. 2022 ഡിസംബറില്‍ അദ്ദേഹം കായിക യുവജനക്ഷേമന്ത്രിയായി. ഡിഎംകെ സര്‍ക്കാരിലെ പല മന്ത്രിമാരും ഇപ്പോള്‍ തന്നെ ഉദയനിധിയെ ഉപമുഖ്യമന്ത്രിയെന്ന് വിളിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഡിഎംകെ സഖ്യത്തിന്റെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഉദയനിധിയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 39 സീറ്റുകളും പുതുച്ചേരിയിലെ ഒരു സീറ്റും ഡിഎംകെയുടെ നേതൃത്വത്തില്‍ ഇന്ത്യാ മുന്നണി തൂത്തുവാരിയിരുന്നു. പ്രചാരണത്തിന് നേതൃത്വം കൊടുത്ത് ഉദയനിധി സ്റ്റാലിനെ അന്ന് പ്രമുഖ നേതാക്കളെല്ലാം അഭിനന്ദിച്ചിരുന്നു. ഇതോടെയാണ് മിന്നുന്ന വിജയം കാഴ്ചവച്ച ഉദയനിധിക്ക് ഉപമുഖ്യമന്ത്രി പദം കൊടുക്കുമെന്ന അഭ്യൂഹം ശക്തമായത്.ഉദയനിധിയുടെ സ്ഥാനക്കയറ്റത്തിനായുള്ള മുറവിളികള്‍ പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ശക്തമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിന് തന്നെ അടുത്തിടെ സമ്മതിച്ചിരുന്നു.
ഏതായാലും വരുന്ന രണ്ടുവര്‍ഷത്തിനുള്ളില്‍ ഡിഎംകെയില്‍ സമ്പൂര്‍ണ്ണമായ തലമുറമാറ്റം നടക്കുമെന്നുറപ്പായി കഴിഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അണ്ണാദുരയുടെ മരണശേഷം 1969 ല്‍ ആണ് അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുത്തുവേല്‍ കരുണാനിധി ഡിഎംകെയുടെയും സര്‍ക്കാരിന്റെയും തലപ്പത്തെത്തുന്നത്. പിന്നീട് ഡിഎംകെയുടെ ആജിവാനാന്ത അധ്യക്ഷനും പത്തൊമ്പത് വര്‍ഷം തമിഴ്നാടിന്റെ മുഖ്യമന്ത്രിയുമായി കരുണാനിധി. വിവിധ കേന്ദ്ര സര്‍ക്കാരുകളുടെ സൃഷ്ടി സ്ഥിതി സംഹാരകനാവുകയും ചെയ്തു. ഇപ്പോള്‍ മൂന്നാം തലമുറ കളം പിടിക്കുകയാണ്. കരുണാനിധിക്കും സ്റ്റാലിനും കിട്ടാത്ത ഒരു ഭാഗ്യം ഉദയനിധിക്ക് കിട്ടി. സ്വന്തം പാര്‍ട്ടിയിലും പ്രതിപക്ഷത്തും ശത്രുവെന്ന് പറയാന്‍ അദ്ദേഹത്തിന് ഇപ്പോള്‍ പ്രബലരായി ആരുമില്ല.