മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയം ഹൈക്കോടതി ശരിവച്ചു. നജീബിന് എം.എല്‍.എയായി തുടരാം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത് എൽ.ഡി.എഫ് സ്ഥാനാർഥി നൽകിയ ഹർജിയിലാണ് വിധി. ജസ്റ്റിസ് സി.എസ് സുധ അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്.
മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ മുന്നൂറോളം വോട്ടുകൾ തനിക്ക് ലഭിക്കേണ്ടതെന്നുമായിരുന്നു കെ.പി മുഹമ്മദ് മുസ്തഫയുടെ വാദം. 38 വോട്ടുകൾക്കാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ നജീബ് കാന്തപുരം വിജയിച്ചത്. തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കമ്മീഷൻ വ്യക്തമാക്കി. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ.പി.എം മുസ്തഫ കോടതിയെ സമീപിച്ചിരുന്നു