ഒന്നാം തീയതിയിലെ ഡ്രൈഡേ പിന്‍വലിക്കാന്‍ ഉപാധികളോടെ സര്‍ക്കാര്‍ തിരുമാനിക്കുമ്പോള്‍ അത്യന്തികമായ വിജയം സര്‍ക്കാരിനും സിപിഎമ്മിനും തന്നെ. ഡ്രൈഡേ പിന്‍വലിക്കാന്‍ സിപിഎമ്മിലും സര്‍ക്കാരിലെ ഉന്നതര്‍ക്കും കോഴ നല്‍കണമെന്ന തരത്തിലുളള ബാറുടമാ നേതാവിന്റെ വാട്സ് ആപ്പ് സന്ദേശം പുറത്തായതോടെ പ്രതിപക്ഷം സടകുടഞ്ഞെഴുന്നേറ്റിരുന്നു. ബാറുടമകളും സിപിഎമ്മും തമ്മിലുള്ള കോടികളുടെ ഇടപാടാണ് ഇതിന്റെ പേരില്‍ നടക്കുന്നതെന്ന് പറഞ്ഞ് രംഗത്തെത്തിയ യുഡിഎഫ് പെട്ടെന്ന് നിശ്ബദമാവുകയായിരുന്നു. ബാറുടമകളുടെ സംഭാഷണം പുറത്ത് വന്നത് ഗൂഡാലോചനയാണെന്നും, അതിനെക്കുറിച്ചന്വേഷിക്കുമെന്നും സര്‍ക്കാര്‍ നിലപാട് എടുത്തതോടെയാണ് പ്രതിപക്ഷം വെട്ടിലായത്.
കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മകന് അര്ജ്ജുന് അഡ്മിനായ ഗ്രൂപ്പിലൂടെയാണ് ബാറുടമയുടെ സംഭാഷണം പുറത്ത് വിട്ടത് എന്ന് വെളിവായതോടെ പ്രതിപക്ഷം പത്തിമടക്കി. കൂടുതല്‍ ആരോപണങ്ങളുമായി ഇറങ്ങിയാല്‍ തിരുവഞ്ചൂരിന്റെ മകനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തേക്കുമെന്ന സൂചന സര്‍ക്കാര്‍ നല്‍കിയതോടെ വര്‍ധിത വീര്യത്തോടെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷം ഞൊടിയിടയില്‍ നിശബ്ദരായി. ഇതോടെ കോഴ വിവാദം കെട്ടടങ്ങുകയും ബാറുടമകളുടെ ദീര്‍ഘകാലമായുള്ള ആവശ്യം അംഗീകരിക്കപ്പെടുകയുമായിരുന്നു.
ഒന്നാം തീയതി എല്ലാ ബാറുകളും, ബിവറേജസുകളും തുറന്നു വയ്കുന്ന തരത്തിലുള്ള ഡ്രൈഡേ പിന്‍വലിക്കലല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഏറ്റവും പ്രധാനമായി ടൂറിസം മുന്‍ നിര്‍ത്തി ആറ് കാര്യങ്ങളിലാണ് മാറ്റത്തിനുള്ള ശുപാര്‍ശയുള്ളത്. അന്താരാഷ്ട്രാ കോണ്‍ഫറന്‍സുകളും
ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗും നടക്കുന്ന സ്ഥലങ്ങളില്‍ ഒന്നാം തിയ്യതി മദ്യശാലകള്‍ തുറക്കാനാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കുന്നത്. ടൂറിസം വകുപ്പാണ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. ഒന്നാം തീയതി ഡ്രൈഡേ ആയതുകൊണ്ട് പല അന്താരാഷ്ട്ര കോണ്‍ഫ്രന്‍സുകളും കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നതായി ടൂറിസം വകുപ്പ് വിലയിരുത്തിയിരുന്നു. ഇത് വിനോദ സഞ്ചാരികളെ കേരളത്തില്‍ അകറ്റാന്‍ കാരണമാകുന്നുവെന്നാണ് ടൂറിസം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഡ്രൈ ഡേ പിന്‍വലിക്കുന്നതിന് പ്രധാനകാരണമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത് ഇത് അടക്കമുളള ആറുകാര്യങ്ങളാണ്
അന്താരാഷ്ട്രാ കോണ്‍ഫറന്‍സുകള്‍, ടൂറിസം ഗ്രൂപ്പുകളുടെ യോഗങ്ങള്‍, ടൂറിസം ഗ്രൂപ്പുകളുടെ യാത്രകള്‍, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്, കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെ യോഗങ്ങള്‍, കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെ പരിശീലനപരിപാടികള്‍ എന്നിവ നടക്കുന്ന മേഖലകളിലെ സ്ഥലങ്ങളിലെ മദ്യശാലകള്‍ക്കാണ് ഇളവിന് ശുപാര്‍ശയുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ കടുത്ത അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
ഇത്തരം പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ എങ്ങിനെയാണ് ഡ്രൈ ഡേ പിന്‍വലിക്കുന്നത് എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നു. എതൊക്കെ സ്ഥലങ്ങളില്‍ ഡ്രൈഡേ പിന്‍വലിക്കാം എന്നു കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഇപ്പോഴും വ്യക്തതക്കുറവുണ്ട്. ഇത്തരം പരിപാടികള്‍ നടക്കുന്ന എത്ര കിലോമീറ്റര്‍ ചുറ്റളവിലാണ് ഡ്രൈഡേ പിന്‍വലിക്കുന്നത്. അതില്‍ തന്നെ മൂന്ന് നാല് അഞ്ച് സ്റ്റാര്‍ കാറ്റഗറിയിലുളള ഹോട്ടലുകള്‍ക്ക് മാത്രമാണോ മദ്യം നല്കാന് അനുവാദമുളളത്,ഇവിടങ്ങളിലെ ബിവറേജസ് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള് തുറക്കുമോ എന്നൊക്കെയുള്ള സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ല.
മാത്രമല്ല ഇത്തരത്തില്‍ ഡ്രൈ ഡേ പിന്‍വലിക്കുന്നത് പ്രായോഗികമാവില്ലന്ന സൂചനയുമുണ്ട്.പുതിയ മദ്യനയത്തിന്റെ ചട്ടത്തില്‍ ഈ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കാനാണ് സര്‍ക്കാര്‍ നീക്കം. ചുരുക്കത്തില്‍ ഇളവിന്റെ മറവില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഡ്രൈഡേ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല ചില വന്‍കിട ബാറുടമകള്‍ക്കും ഹോട്ടലുകാര്‍ക്കും ഒന്നാം തീയതി
വലിയ തോതിലുള്ള കച്ചവടം ലഭിക്കുകയും മറ്റു പ്രദേശങ്ങളിലുള്ള ബാറുകള്‍ ഉള്ള വ്യവസായികള്‍ക്ക് ഇത് കൊണ്ട് പ്രയോജനമൊന്നും ഉണ്ടാകില്ലന്നുമുള്ള പരാതിയുമുണ്ട്.
ഏതായാലും പ്രതിപക്ഷത്തെ നിശബ്ദമാക്കിക്കൊണ്ട് ഡ്രൈഡേ ഭാഗികമായെങ്കിലും പിന്‍വലിക്കാനുള്ള നീക്കം നടത്താന്‍ കഴിഞ്ഞത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ വിജയമാണ്. അടുത്ത കൊല്ലത്തെ അബ്കാരി നയം പുറത്ത് വരുമ്പോള്‍ കേരളം മുഴുവന്‍ ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിന്‍വലിക്കുന്ന തരത്തിലേക്ക് മാറുമെന്ന കാര്യം ഉറപ്പാണ്. സിപിഎം നേതൃത്വവും ഈ
സൂചന നല്‍കുന്നുണ്ട്. 2026 ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തിലെ ബാറുടമകള്‍ ആളുകൊണ്ടും അര്‍ത്ഥം കൊണ്ടും ആര്‍ക്കായിരിക്കും പിന്തുണ നല്‍കുന്നതെന്ന് ഇനി കൂടുതല്‍ വ്യക്തമാക്കേണ്ടതില്ലല്ലോ.