കേരളത്തിലെ സിപിഎമ്മിന്റെ നെടുങ്കോട്ടയാണ് കണ്ണൂര്‍. ആരുപിടിച്ചാലും ഇളകാത്ത കോട്ടയെന്ന് സിപിഎം എക്കാലവും കണ്ണൂര്‍ ജില്ലയെപ്പറ്റി അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിന് ശേഷം ആ ദൃഢവിശ്വാസത്തിന് ഇളക്കം സംഭവിച്ചു. സിപിഎമ്മിന്റെ കുത്തക ബൂ്ത്തുകളില്‍ നിന്നെല്ലാം വലിയ തോതില്‍ വോ്ട്ടുകള്‍ ബിജെപി പക്ഷത്തേക്ക് ചോര്‍ന്നു. ബിജെപിക്ക് പത്ത് വോട്ടിലധികം കിട്ടാത്ത കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ പല ബൂത്തുകളിലും 100-150 വരെ വോട്ടുകളാണ് കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഇതോടെ സിപിഎം കേന്ദ്രങ്ങളിലേക്ക് പിടിച്ചുകയറാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു.
കണ്ണൂരിലെ പരമ്പരാഗത സിപിഎം കേന്ദ്രങ്ങള്‍ വളരെ അസ്വസ്ഥരാണ്. സിപിഎമ്മിന്റെ മുസ്ളീം പ്രീണന നയമാണ് യഥാര്‍ത്ഥത്തില്‍ അവരെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയതെന്ന് ബിജെപി തിരിച്ചറിയുന്നു. മുസ്ളീം ന്യുനപക്ഷ വിഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് സിപിഎം കൂടുതല്‍ പരിഗണന നല്‍കുന്നുവെന്ന ആരോപണം പാര്‍ട്ടിയില്‍ അതിശക്തമായി ഉയര്‍ന്നു. അതോടെ പാര്‍ട്ടിയുടെ അടിത്തറയായ അടിസ്ഥാന വിഭാഗങ്ങള്‍ സിപിഎമ്മില്‍ നിന്നകന്നു. മലബാറില്‍ സിപിഎം സംഘടിപ്പിച്ച പാലസ്തീന് ഐക്യദാര്‍ഡ്യ സമ്മേളനങ്ങളടക്കം അവര്‍ക്ക് തിരിച്ചടിയായി മാറി. മലബാറില്‍ സിപിഎമ്മിന്റെ ശക്തിസ്തംഭമെന്ന് പറയാവുന്ന ഈഴവ- തീയ്യ സമുദായങ്ങള്‍ പതിയെ സിപിഎമ്മില്‍ നിന്നകന്നു. ഇതോടെ പാര്‍ട്ടി വലിയ പ്രതിസന്ധിയിലായി.
ഈ മികച്ച രാഷ്ട്രീയ അവസരം മുതലെടുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ബിജെപി നടത്തുന്നത്. കണ്ണൂരില്‍ അസംതൃപ്തരായ നിരവധി സിപിഎം നേതാക്കളെ ബിജെപിയുടെ നേതാക്കള്‍ കാണുന്നുണ്ട്. പലയിടത്തും രഹസ്യകൂടിക്കാഴ്ചകളാണ് നടക്കുന്നതും. പാര്‍ട്ടിയോടുള്ള അസംതൃപ്തിയും മറ്റു എതിര്‍പ്പുകളും കാരണം മെമ്പര്‍ഷിപ്പ് പുതുക്കാത്ത ജില്ലാ – ഏരിയാ നേതാക്കള്‍ ധാരാളം കണ്ണൂരിലുണ്ട്. അവരെയൊക്കെ ബിജെപി നേതാക്കള്‍ നേരിട്ടുകണ്ടു ചര്‍ച്ചകള്‍ നടത്തിവരികയാണ്. ബിജെപി ദേശീയ നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പികെ കൃഷ്ണദാസിനെയാണ് ഇത്തരം ചര്‍ച്ചകള്‍ക്കായി ബിജെപി അഖിലേന്ത്യാ നേതൃത്വം നിയോഗിച്ചിരിക്കുന്നത്. കണ്ണൂര്‍ രാഷ്ട്രീയത്തെക്കുറിച്ചും അവിടുത്തെ സിപിഎം സ്വാധീനത്തെക്കുറിച്ചും ആഴത്തില്‍ അവഗാഹമുള്ള പികെ കൃഷ്ണദാസ് കഴിഞ്ഞ രണ്ടുദിവസമായി കണ്ണൂരിലെ അസംതൃപ്തരായ സിപിഎം നേതാക്കളെ നേരിട്ടു കാണുകയാണ്.
കണ്ണൂരില്‍ മാത്രമല്ല സംസ്ഥാനത്തു മുഴുവന്‍ ബിജെപി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. തെക്കന്‍ ജില്ലകളില്‍ സിപിഎമ്മിനുള്ളില്‍ രൂപപ്പെട്ട വലിയ ചേരിതിരിവുകള്‍ മുതലെടുക്കാനുള്ള വലിയ ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. ആറ്റിങ്ങല്‍, ആലപ്പുഴ ലോക്സഭാ മണ്ഡലങ്ങളില്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പിലുണ്ടായ വലിയ വോട്ടുവിഹിതം ബിജെപിക്ക് കടുത്ത ആത്മവിശ്വാസം നല്‍കുന്നുണ്ട്. തെക്കന്‍ ജില്ലകളില്‍ സിപിഎം വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് വന്ന സാഹചര്യം കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പുകാലത്തുണ്ടായി. തൃശൂരിന് തെക്കാണ് ബിജെപിക്ക് മേല്‍ക്കൈ ലഭിച്ച പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളും. അവയെല്ലാം സിപിഎമ്മിനും ഇടതുപക്ഷത്തിനും വലിയ സ്വാധീനമുള്ള മണ്ഡലങ്ങളുമാണ്.
2026 ലെ നിയമസഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപി നീങ്ങുന്നത്. ഹിന്ദു വോട്ടുബാങ്കിനെ കൈകാര്യം ചെയ്യുന്നത് സിപിഎമ്മാണെന്നും അതുകൊണ്ട് സിപിഎം ദുര്‍ബലമായാല്‍ മാത്രമേ ബിജെപിക്ക് വേരുറപ്പിക്കാന്‍ കഴിയുകയുള്ളുവെന്നും ബിജെപി ദേശീയ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതെത്തിയത് മാത്രമല്ല, രണ്ടാമതെത്തിയ പതിനെട്ട് നിയമസഭാ മണ്ഡലങ്ങളും സിപിഏമ്മിനും ഇടതുപക്ഷത്തിനും കനത്ത സ്വാധീനമുള്ള മണ്ഡലങ്ങളാണ്. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരെഞ്ഞെടുപ്പുകളിലേക്കായുളള തന്ത്രങ്ങളും ബിജെപി സംസ്ഥാന നേതൃത്വം ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം നഗരസഭാ ഭരണം തങ്ങള്‍ പിടിക്കുമെന്ന് ബിജെപി ഇപ്പോഴെ പ്രഖ്യാപിച്ചു കഴിഞ്ഞു. അങ്ങിനെ സംഭവിച്ചാല്‍ 2026 ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ രണ്ടു സീറ്റെങ്കിലും തിരുവനന്തപുരം ജില്ലയില്‍ നിന്നും ബിജെപി പിടിക്കുമെന്നുറപ്പാണ്.
തങ്ങളുടെ വോട്ടുകളില്‍ കണ്ണുനട്ടാണ് ബിജെപി നീങ്ങുന്നതെന്ന തിരിച്ചറിവ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. അതേ സമയം ന്യുനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന സന്തോഷത്തിലാണ് കോണ്‍ഗ്രസ്. കേരളത്തില്‍ ബിജെപിയുടെ ആദ്യത്തെ ഹിറ്റ് ലിസ്റ്റില്‍ കോണ്‍ഗ്രസായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ ആ സ്ഥാനം അവര്‍ സിപിഎമ്മിന് നല്കി. അത് ഏതായാലും ചില്ലറ ആശ്വാസമല്ല കോണ്‍ഗ്രസിന് നല്‍കുന്നത്.