തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമായി. ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പില്ല. വയനാട് ദുരന്തത്തിനു ശേഷം സംസ്ഥാനത്ത് അലര്‍ട്ട് ഇല്ലാത്ത ദിനമാണ് ഇന്ന്. അഞ്ചുദിവസത്തേക്ക് മഴമുന്നറിയിപ്പില്ലെങ്കിലും 14 മുതല്‍ വീണ്ടും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
അതേസമയം, അടുത്ത മണിക്കൂറിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; കോഴിക്കോട് വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെവരെ വേഗതയിലുള്ള കാറ്റിനും; ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കു കിഴക്കൻ മധ്യപ്രദേശിനും തെക്കൻ ഉത്തർപ്രദേശിനും മുകളിൽ തീവ്ര ന്യുനമർദവും സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായാണ് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
വ്യാഴാഴ്ച വരെ മധ്യ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ഇന്ന് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്