ജമ്മു- കാശ്മീരിന് പ്രത്യേക പദവി നല്കുന്ന സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വിവാദമായതും, നിര്‍ണ്ണായകവുമായ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട് ആഗസ്റ്റ് 6 ന് അഞ്ചുവര്‍ഷം തികയുകയാണ്. 1951 ല്‍ ബിജെപിയുടെ പൂര്‍വ്വരൂപമായ ജനസംഘം തുടങ്ങിയ കാലം മുതല്‍ അവര്‍ ആവശ്യപ്പെടുന്ന കാര്യമാണ് കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്നത്. പിന്നീട് 1980 ല്‍ ജനസംഘം ബിജെപിയായപ്പോഴും ഈ ആവശ്യം അവരുടെ രാഷ്ട്രീയ കാര്യപരിപാടിയില്‍ പ്രധാനപ്പെട്ടതായിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുക എന്നത് 1951 മുതലും അതിന് ശേഷം 1980 മുതലും ജനസംഘം – ബിജെപിയുടെ പ്രധാന രാഷ്ട്രീയ മുദ്രാവാക്യങ്ങളായിരുന്നു. 1989 ന് ശേഷം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്ന രാഷ്ട്രീയ മുദ്രാവാക്യം കൂടി അവരുടെ പ്രകടന പത്രികയില്‍ ഇടംപിടിച്ചു.2014 ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം ഈ മൂന്ന് രാഷ്ട്രീയ കാര്യപരിപാടികളും നടപ്പിലാക്കുമെന്നവര് ഉറപ്പിച്ചു. അതിന്റെ ആദ്യപടിയായിട്ടാണ് 2019 ആഗസ്റ്റ് 5 ന് രാജ്യസഭയിലും 6 ന് ലോക്സഭയിലും ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്ന പ്രമേയം ആഭ്യന്തര മന്ത്രി അമിത്ഷാ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത്.
കാശ്മീരിലെ ജനങ്ങളെ ദേശീയ മുഖ്യധാരയോട് ചേര്‍ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. 370 ഇല്ലാതായതോടെ കാശ്മീരില്‍ പുറത്ത് നിന്നുള്ളവര്‍ക്ക് സ്ഥലം വാങ്ങിക്കാനും വാണിജ്യവ്യവസായങ്ങള്‍ സ്ഥാപിക്കാനും കഴിഞ്ഞത് അവിടുത്തെ മുഖ്യ വരുമാനമാര്‍ഗമായ ടൂറിസം മേഖലയെ വലിയ തോതില്‍ സഹായിക്കുമെന്നാണ് കരുതിയിരുന്നത്. അതോടാപ്പം പാക്കിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘങ്ങളെ കടുത്ത നടപടികളിലൂടെ ഇല്ലായ്മ ചെയ്യാന്‍ കഴിയുമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു,ജമ്മു- കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായിട്ടാണ് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ശേഷം കാശ്മീരിനെ വിഭജിച്ചത്. ഈ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സംസ്ഥാന പദവിയെന്ന ആശയമാണ് അന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചതെങ്കിലും അഞ്ചുവര്‍ഷമായിട്ടും അതിന് കഴിഞ്ഞില്ല. നിയമസഭാ തെരെഞ്ഞെടുപ്പുകള്‍ ഉടന്‍ നടത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും അതുമുണ്ടായില്ല. നേരത്തെ കാശ്മീര്‍ താഴ്വര മാത്രമാണ് അസ്വസ്ഥമായിരുന്നെങ്കില് ഇപ്പോള്‍ ജമ്മുവും ലഡാക്കും കൂടി പ്രശ്നങ്ങളുടെ നടുവിലാണ്.
കാശ്മീര്‍ താഴ്വരയില് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് അല്‍പ്പം കുറവ് വന്നപ്പോള്‍ താരതമ്യേന ശാന്തമായിരുന്ന ജമ്മുവില്‍ വലിയ ഭീകരാക്രമങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ നടന്നു. നിയന്ത്രണ രേഖയില്‍ പുലര്‍ത്തിയ ജാഗ്രത ജമ്മു- പാക്കിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പുലര്‍ത്താന്‍ കഴിയാതിരുന്നതാണ് ഈ ഭീകരാക്രമണങ്ങള്‍ക്ക് കാരണമെന്ന് കേ്ന്ദ്രസര്‍ക്കാര്‍ തിരിച്ചറിഞ്ഞിരുന്നു. അതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടും പോലുള്ള വികസനം കാശ്മീരില്‍ നടന്നിട്ടില്ലെന്നതും വലിയ തിരിച്ചടിയാവുകയാണ്. അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുതല്‍ മുടക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയെന്നത് വസ്തുതയാണെങ്കിലും ഇവയെല്ലാം ഇപ്പോഴും ആരംഭ ദിശയിലാണ്. നിയമസഭാ തെരെഞ്ഞെടുപ്പുകള്‍ എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് പോലും ഉത്തരം പറയാന്‍ കഴിയാത്ത അവസ്ഥയാണ്. തീവ്രവാദ ആക്രമണങ്ങള്‍ പെട്ടെന്ന് വര്‍ധിക്കുകയും ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കാശ്മീരില്‍ കാര്യങ്ങളെല്ലാം. അതുകൊണ്ട് കാശ്മീരിലെ വീഴ്ചകളെല്ലാം അമിത്ഷായുടെയും മോദിയുടെയും ഉത്തരവാദിത്തലായിരിക്കുകയാണ്.ആഭ്യന്തര വകുപ്പ് കാശ്മീരില്‍ പരാജയമാണ് എന്ന ആരോപണം ബിജെപിക്കുള്ളില്‍ തന്നെ ചൂടുപിടിക്കുകയാണ്. കൃത്യവിലോപത്തിന്റെ പേരില്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറലിനെപ്പോലും മാറ്റേണ്ടി വന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കാശ്മീരിലെ ഭീകരാക്രമങ്ങളെക്കുറിച്ച് കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങള്‍ നല്കുന്നതില് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടുവെന്നതാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം.
1947 ല്‍ ഇന്ത്യാ വിഭജന സമയത്ത് മുസ്ലീം ഭൂരിപക്ഷമുള്ള കാശ്മീര്‍ വിഭജനക്കരാര്‍ പ്രകാരം പാക്കിസ്ഥാനില്‍ ചേരേണ്ടതാണ് എന്നതാണ് അവരുടെ അവകാശവാദം. എന്നാല്‍ കാശ്മീര്‍ മഹാരാജാവ് ഹരിസിംഗ് ഇന്ത്യയിലും പാക്കിസ്ഥാനിലും ചേരാതെ സ്വതന്ത്രമായി നിലകൊള്ളാന്‍ ശ്രമിച്ചു. ഇതോടെ പാക്കിസ്ഥാന് സൈന്യവും ഗോത്രവര്‍ഗ്ഗക്കാരും കാശ്മീരിലേക്ക് ഇരച്ചുകയറി.ഗത്യന്തരമില്ലാതെ കാശ്മീര്‍ മഹാരാജാവ് ഇന്ത്യയുടെ സഹായം തേടി. സഹായം ലഭിക്കണമെങ്കില്‍ ഇന്ത്യയില്‍ ലയിക്കണമെന്ന സര്‍ദാര്‍ പട്ടേലിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കാശ്മീര്‍ മഹാരാജാവ് ലയനക്കരാറില്‍ ഒപ്പിട്ടു. ഇന്ത്യയുടെ സൈന്യം തിരിച്ചുപിടിച്ച കാശ്മീര്‍ ജമ്മുകാശ്മീര്‍ ആയി ഇന്ത്യയോടൊപ്പവും, പാക്കിസ്ഥാന് സൈന്യത്തിന്റെ കയ്യിലിരുന്ന കാശ്മീര്‍ പാക് അധിനിവേശ കാശ്മീര്‍ ആയി അവര്‍ കൈവശം വക്കുകയും ചെയ്തു. ലയന സമയത്ത് ഇന്ത്യാ സര്‍ക്കാര്‍ കാശ്മീരിന് നല്കിയ ചില പ്രത്യേക അവകാശങ്ങളാണ് ആര്‍ട്ടിക്കിള്‍ 370 എന്ന പേരില്‍ അറിയപ്പെടുന്നത്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ പാര്‍ലമെന്റ് ആ പ്രത്യേക അവകാശങ്ങള്‍ പിന്‍വലിച്ചെങ്കിലും പ്രശ്നങ്ങള്‍ തുടങ്ങിയേടത്ത് തന്നെ നില്‍ക്കുകയാണ്