തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് രമേശ് ചെന്നിത്തല. ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടത് അങ്ങനെ തന്നെ നൽകണം. പണം വകമാറ്റി ചെലവഴിച്ചാൽ അതിനെതിരെ ശക്തമായി പ്രതികരിക്കും. മുമ്പും അത്തരത്തിൽ എതിർത്തിട്ടുണ്ട്. ഇപ്പോൾ അതിനുള്ള അവസരമല്ലെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാ കോൺഗ്രസുകാരും ഒറ്റക്കെട്ടായി നിൽക്കണം. ഇന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചിട്ടുണ്ട്. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് യാതൊരു അഭിപ്രായ വ്യത്യാസവും കോൺഗ്രസിനില്ലെന്നും ചെന്നിത്തല പറഞ്ഞു. തന്റെ ഒരു മാസത്തെ ശമ്പളം ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം നൽകരുതെന്നും കോൺഗ്രസ് നടപ്പാക്കുന്ന പദ്ധതിയിലേക്കാണ് പണം നൽകേണ്ടത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട്. വി.എം സുധീരനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.