കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 155 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.211 പേരെ കാണാനില്ലെന്നാണ് വിവരം. രണ്ടാം ദിനം തെരച്ചിൽ രാവിലെ 7 മണിക്ക് പുനരാരംഭിക്കും
ചാലിയാറിലൂടെ ഒഴുകി 26 മൃതദേഹങ്ങള്‍ നിലമ്പുരിലെത്തിയെന്ന് അധികൃതര്‍ പറഞ്ഞു. ഈ മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉരുള്‍പൊട്ടല്‍ കനത്ത നാശംവിതച്ച ചൂരല്‍മലയില്‍ നിര്‍മിച്ച താല്കാലിക പാലത്തിലൂടെ അഞ്ഞൂറിലധികം പേരെ രക്ഷപ്പെടുത്തി. സൈന്യവും കേരള ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് പാലം നിര്‍മ്മിച്ചത്.
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ചു. മേഖലയിലെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിർത്തിയെന്നും നാളെ രാവിലെ ഏഴിന് തിരച്ചിൽ പുനരാരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.