രുവനന്തപുരം: വടക്കൻ ജില്ലകളിൽ മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കോസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. ജൂലായ് 31നും ഓഗസ്റ്റ് ഒന്നിനും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാദ്ധ്യതയെന്നും അറിയിപ്പുണ്ട്. അതേസമയം, ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലനിരപ്പ് 773 മീറ്റർ ആയി. 773.50 ലേക്ക് എത്തിയാൽ അധികജലം ഒഴുക്കി വിടാൻ തുടങ്ങും.
ഇടുക്കി ജില്ലയിലെ ചെറിയ ഡാമുകള്‍ തുറന്നിരിക്കുകയാണ്. മലങ്കര, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, പാംബ്ല അടക്കമുള്ള അണക്കെട്ടുകളാണ് ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തുറന്നു വെച്ചിട്ടുള്ളത്. ഡാമുകള്‍ തുറന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. പെരിയാര്‍ തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളെ സംബന്ധിച്ച് ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 130 അടിയിലേക്ക് എത്തുന്നതേയുള്ളൂ. ഇടുക്കിയിലും രാവിലെ മുതല്‍ ശക്തമായ മഴയാണ് തുടരുന്നത്. മലയോരമേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വയ്ക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറിത്താമസിക്കാൻ തയ്യാറാവണമെന്ന് കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.