മംഗളൂരു: കർണാടകയിലെ അങ്കോളയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 12-ാം ദിവസത്തിൽ. ഗംഗാവലിയിൽ തിരച്ചിൽ നടത്താൻ ഉടുപ്പിയിൽ നിന്നുള്ള പ്രാദേശിക മുങ്ങൽ വിദ്ഗധരുടെ സംഘം അങ്കോലയിൽ എത്തിയിട്ടുണ്ട്. ഇന്ന് കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ നടത്തും. ഇന്നലെ ലഭിച്ച സിഗ്നൽ കേന്ദ്രീകരിച്ചാവും ഇന്നത്തെ തിരച്ചിൽ. മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികൂല കാലാവസ്ഥയുടെ പേരിൽ രക്ഷാദൗത്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മീഡിയവണിനോട് പറഞ്ഞു. അർജുനെ കണ്ടെത്താൻ എല്ലാ സാധ്യതകളും തേടാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച നേവൽ ടീമിനെ കിട്ടുമോയെന്ന് കേന്ദ്രത്തോട് ചോദിച്ചിട്ടുണ്ട്. രക്ഷാദൗത്യത്തിന്റെ അടുത്തഘട്ടം ഇന്നുചേരുന്ന യോഗത്തിൽ തീരുമാനിക്കും. അർജുന്റെ കുടുംബത്തിനെതിരെ നടക്കുന്നത് നികൃഷ്ടമായ സൈബർ ആക്രമണമാണെന്നും മുഹമ്മദ് റിയാസ് മീഡിയവണിനോട് പറഞ്ഞു. അടിയൊഴുക്ക് ശക്തമായതിനാൽ മുങ്ങൽ വിദഗ്ധർക്ക് പുഴയിലേക്കിറങ്ങാനുള്ള സാഹചര്യം നിലവിലില്ല. ഇന്ന് ഒഴുകുന്ന പാലത്തിന്റെ നിർമാണം തുടങ്ങും. റിട്ട. മേജർ ജനറൽ ഇന്ദ്രബാലിന്റെ നേതൃത്വത്തിൽ വിദഗ്ദസംഘം നടത്തിയ പരിശോധനയിൽ നാലിടത്ത് സിഗ്നൽ ലഭിച്ചിരുന്നു. ഇന്നലെ ഒരു ദൃക്സാക്ഷി ലോറി ഒഴുകി പോകുന്നത് കണ്ടതായി പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലാമത്തെ സിഗ്നൽ ലഭിച്ചത്.