ഉത്തര കര്‍ണ്ണാടകയിലെ ഷിരൂരില്‍ ഉണ്ടായ വലിയ മലയിടിച്ചിലില്‍ മലയാളിയായ അര്‍ജ്ജുനും അദ്ദേഹം ഓടിച്ചിരുന്ന ട്രക്കും കാണാതായ സംഭവം കേരളത്തിലെ പുതിയ തലമുറയിലെ ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരിക്കുകയാണ്. മാധ്യമങ്ങള്‍ പൊതുവെയും ദൃശ്യമാധ്യമങ്ങള്‍ പ്രത്യേകിച്ചും വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ കാണിക്കേണ്ട അവധാനത, കൃത്യത, അതിവൈകാരികതയില്ലായ്മ ഇവയെല്ലാം പലപ്പോഴും ഭാഗികമായോ പൂര്‍ണ്ണമായോ നഷ്ടപ്പെടുന്നത് ഈ സംഭവത്തില്‍ നമ്മള് കണ്ടു. പ്രകൃതി ദുരന്തങ്ങള്‍ പോലെ മനുഷ്യരുടെ കണക്കുകൂട്ടലുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അപ്പുറത്ത് നില്ക്കുന്നവ അരങ്ങേറുമ്പോള്‍ അതിനെ കേവലം റേറ്റിംഗ് കൂട്ടാന്‍ മാത്രമുള്ള അവസരമായി കണ്ട് പരമാവധി വൈകാരികത കലര്‍ത്തി റിപ്പോര്‍ട്ടു ചെയ്യുന്നത് മാധ്യമധാര്മ്മികതക്ക് ചേര്‍ന്നതല്ല. ഓരോ ദുരന്തവും ആഘോഷിക്കപ്പെടാനും, ആവേശമുണര്‍ത്താനും ഉള്ളതാണെന്ന് കരുതുകയും അതനുസരിച്ച് റിപ്പോര്‍ട്ടിംഗ് ശൈലി സൃഷ്ടിക്കുകയും ചെയ്യുന്നത് ഒരു കച്ചവട തന്ത്രം മാത്രമാണ്.
ഷിരൂര്‍ ദുരന്തം മലയാളത്തിലെ പുതുതലമുറ ദൃശ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി കണ്ടാല്‍ ഇതു വ്യക്തമാകും. ഒരു ദുരന്തമുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുക എന്നത് സര്‍ക്കാരിന്റെയും അതിന്റെ അനുബന്ധ ഏജന്‍സികളുടെയും ജോലിയാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്താന്‍ ഉത്തരവാദിത്തപ്പെട്ട ഏജന്‍സി സര്‍ക്കാരാണ്. വിദഗ്ധരുടെ സേവനം തേടേണ്ടതും, സൈന്യമുള്പ്പെടെയുള്ളവരെ വിന്യസിക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയില്‍പ്പെട്ടതാണ്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയും ജില്ലാ ഭരണകൂടമുള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ക്കാണ്. എന്നാല്‍ ഷിരൂരില്‍ ദുരന്തമുണ്ടായപ്പോള്‍ പാഞ്ഞെത്തിയ മലയാള ദൃശ്യമാധ്യമങ്ങള്‍ ഈ ചുമതലകളെല്ലാം ഏറ്റെടുക്കുന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. മണ്ണിനടിയില്‍പ്പെട്ടു കാണാതായ അര്‍ജ്ജുനെയും അയാളുടെ ലോറിയും എവിടെയുണ്ടെന്നുവരെ കൃത്യമായി ചില മാധ്യമങ്ങള്‍ പറഞ്ഞുവച്ചു. ചിലരാകട്ടെ പൊലീസിനോടും, ജില്ലാ ഭരണകൂടത്തോടും മന്ത്രിയോടും വരെ തട്ടിക്കയറി. എസ്പിയെ വിളിച്ചുവരുത്താന്‍ ആവശ്യപ്പെടുന്ന ഒരു മലയാളി ദൃശ്യമാധ്യമപ്രവര്‍ത്തകന്റെ പ്രകടനം ദുരന്തത്തിനിടയിലും ചിരിയുണര്‍ത്തുന്നതായിരുന്നു.
കര്‍ണ്ണാടക സര്‍ക്കാരും ജില്ലാ ഭരണകൂടവും അനുബന്ധ ഏജന്‍സികളും നടത്തുന്ന പ്രവര്‍ത്തനങ്ങളെ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഇടിച്ചുതാഴ്ത്താനുള്ള ശ്രമങ്ങള്‍ ചില മലയാള ദൃശ്യമാധ്യമങ്ങളില്‍ നിന്നുണ്ടായിയെന്ന പരാതി വ്യാപകമായി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ വഴിതെറ്റിക്കുന്ന വിധത്തിലാണ് കേരളത്തിലെ ചില ദൃശ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് അവിടുത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ തുറന്നടിക്കുകയുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ ദുരന്ത നിവാരണപ്രവര്‍ത്തനങ്ങളില്‍ വിദഗ്ധരല്ല. ഇത്തരം കാര്യങ്ങളില്‍ വളരെ വൈദഗ്ധ്യമുള്ളവരാണ് അഭിപ്രായം പറയേണ്ടതും കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകേണ്ടതും. മാധ്യമ പ്രവര്‍ത്തകര്‍ നല്കുന്ന ഉപദേശ നിര്‍ദേശങ്ങള്‍ അനുസരിച്ച് വളരെ വൈദഗ്ധ്യം ആവശ്യപ്പെടുന്ന ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ പോലുള്ളവ നടത്താനും കഴിയില്ല. എന്ത് കൊണ്ട് ഞങ്ങള്‍ ചോദിക്കുന്നതിന് തൃപ്തികരമായ മറുപടി നല്‍കുന്നില്ല, എന്ത് കൊണ്ട് അവിടുത്തെ മണ്ണുമാറ്റുന്നില്ല, ഇത്തരത്തിലുള്ള ചോദ്യങ്ങളോടെ ഒരു തരം ആക്രമണോല്‍സുക മനോഭാവത്തോടെയാണ് മലയാളത്തിലെ പല ന്യുജെന് ചാനലുകളും അവരുടെ റിപ്പോര്‍ട്ടര്‍മാരും ഷിരൂര്‍ ദുരന്തത്തെ മലയാളികളുടെ മുന്നിലെത്തിച്ചത്.
കര്‍ണ്ണാടക സര്‍ക്കാരും അവിടുത്തെ ഉദ്യോഗസ്ഥരും മലയാളിയായ ഒരു ചെറുപ്പക്കാരനെ മനപ്പൂര്‍വ്വം മണ്ണിലിട്ടുമൂടിയെന്ന തരത്തിലാണ് ഇവര്‍ റിപ്പോര്‍ട്ടിംഗ് നടത്തിയത്. ദുരന്ത സ്ഥലത്തേക്ക് കടത്തിവിടാതെ തങ്ങളെ തടഞ്ഞുനിര്‍ത്തുകയാണ് അതില്‍ എന്തൊക്കെയോ ദുരൂഹതയുണ്ട് എന്ന മട്ടിലായിരുന്നു ഇവരുടെ റിപ്പോര്‍ട്ടിംഗ്. നിരന്തരമായി മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്നത് കൊണ്ട് വീണ്ടും അപകടം ഉണ്ടാകാതിരിക്കാനാണ് ആരെയും ദുരന്ത സ്ഥലത്തേക്ക് കടത്തിവിടാത്തത് എന്ന് പൊലിസും ജില്ലാ ഭരണകൂടവും പറയുന്നത് പോലും ഇവര്‍ അവഗണിച്ചു. അതിനിടയില്‍ വിദഗ്ധര്‍ എന്ന നിലയില്‍ യാതൊരു പശ്ചാത്തലവുമില്ലാത്ത ചിലയാളുകളെ അവതരിപ്പിക്കുകയും അവര്‍ പറഞ്ഞ വസ്തുവിരുദ്ധമായ കാര്യങ്ങള്‍ വിദഗ്ധ അഭിപ്രായങ്ങളായി ഈ മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുകയും ചെയ്തു. മലയാളത്തിലെ ചില ന്യുജെന് വാര്‍ത്താചാനലുകളെ ജില്ലാ ഭരണകൂടവും പൊലീസും പേരെടുത്ത് പറഞ്ഞു വിമര്‍ശിക്കുന്ന അവസ്ഥവരെയുണ്ടായി.
ഇവിടെയാണ് ഏഷ്യാനെറ്റിനെപോലുള്ള വളരെ അനുഭവ സമ്പത്തുള്ള ഒരു ദൃശ്യമാധ്യമത്തിന്റെ പ്രസക്തി. ഷിരൂര്‍ ദുരന്തത്തെ ആഘോഷമാക്കാതിരുന്ന മലയാളത്തിലെ ഏക ദൃശ്യമാധ്യമം ഏഷ്യാനെറ്റായിരുന്നു. മാത്രമല്ല വാര്‍ത്താ ചര്‍ച്ചക്കിടയില്‍ വിദഗ്ധനെന്ന് കരുതി തങ്ങള്‍ വിളിച്ചിരുത്തിയ ആള്‍ക്ക് ഈരംഗത്ത് യാതൊരു വൈദഗ്ധ്യവുമില്ലന്ന് മനസിയപ്പോള് അതു തുറന്ന് സമ്മതിക്കാന്‍ വിനു വി ജോണിനെപ്പോലെ ഒരു പരിചയ സമ്പന്നനായ വാര്‍ത്താ അവതാരകന് കഴിയുകയും ചെയ്തു. ഈ അവധാനതയും, സുതാര്യതയുമാണ് ന്യുജെന് മലയാളം ചാനലുകള്‍ക്ക് നഷ്ടപ്പെട്ടത്. വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ പ്രാഥമികവും പ്രധാനവുമായ കടമ. അങ്ങിനെ എത്തിക്കുന്ന വാര്‍ത്തകള്‍ക്ക് കൃത്യതയും വ്യക്തതയും വേണം. മലയാളത്തിലെ അച്ചടി മാധ്യമങ്ങള്‍ ഒരു പരിധിവരയെങ്കിലും ഈ ധര്‍മ്മം നിര്‍വ്വഹിക്കുന്നുണ്ട്. എന്നാല്‍ ന്യുജെന് ദൃശ്യമാധ്യമങ്ങളാകട്ടെ തങ്ങളുടെ റിപ്പോര്ട്ടര്മ്മാരുടെ നാടകീയ പ്രകടനത്തിനും, ആക്രമണോല്സുകതക്കുമാണ് പ്രാധാന്യം നല്‍കുന്നത്. ഇതെല്ലാം തങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ മാത്രമേ ഉപകരിക്കൂവെന്ന് ഇവര്‍ മനസിലാക്കണം.