അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിലേക്ക്. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘം ഗംഗാവലി പുഴയിലിറങ്ങി. മൂന്നു ബോട്ടുകളിലായി 15 അംഗ സംഘമാണ് അടിയൊഴുക്ക് പരിശോധിക്കാനായി ഇറങ്ങിയത്. എന്നാൽ അടിയൊഴുക്ക് ശക്തമായതോടെ സ്കൂബ ഡൈവർമാർക്ക് പുഴയിൽ മുങ്ങിയുള്ള പരിശോധന പൂർത്തിയാക്കാനായില്ല.
രാവിലെ മുതൽ പെയ്തു കൊണ്ടിരുന്ന കനത്ത മഴ ശമിച്ചതിനു പിന്നാലെയാണ് തിരച്ചിൽ നടത്തിയത്. അടിയൊഴുക്ക് ശക്തമായതിനാൽ മുങ്ങൽ വിദഗ്ധർക്ക് പരിശോധന നടത്താനായില്ലെന്ന് സൈന്യം അധികൃതരെ അറിയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് നേവി സംഘം അടിയന്തര യോഗം ചേർന്ന് തുടർനടപടി ചർച്ച ചെയ്യും. രാവിലെ രണ്ടാമതൊരു ബൂം എക്സവേറ്ററും തിരച്ചിലിനായി സ്ഥലത്തെത്തിച്ചിട്ടുണ്ട്. കനത്ത കുത്തൊഴുക്കു കാരണം സീറോ വിസിബിലിറ്റിയാണ് പുഴയിലുള്ളതെന്നാണ് സൈന്യം അറിയിച്ചത്. രണ്ടര കിലോമീറ്റർ ഉയരത്തിൽ പറക്കാനും 20 മീറ്റർ ആഴത്തിലുള്ള ദൃശ്യങ്ങൾ പകർത്താനും കഴിയുന്ന അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറി സ്ഥലത്തെത്തിച്ചിരുന്നു. ഈ ഡ്രോൺ നദിയുടെ മുകളിലൂടെ പറത്തി നദിയുടെ അടിത്തട്ട് സ്കാൻ ചെയ്തു പരിശോധിക്കുകയാണ്.
ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാനാണ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. ലോറി ഉണ്ടെന്ന് സിഗ്നൽ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ചാണ് ഡ്രോൺ പരിശോധന നടത്തുന്നത്. ലോറിയുടെ കിടപ്പും സ്ഥാനവും ഡ്രോൺ പരിശോധനയിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.