ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ബിഹാറിനും ആന്ധ്രയ്ക്കും വമ്പന്‍ പ്രഖ്യാപനങ്ങള്‍. ഇരു സംസ്ഥാനങ്ങള്‍ക്കും പ്രതീക്ഷിച്ചതുപോലെ കൂടുതല്‍ പദ്ധതികളും ധനസഹായവും ധനകാര്യമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു. ബീഹാറില്‍ രണ്ട് പുതിയ എക്സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഗംഗാ നദിയില്‍ രണ്ട് പുതിയ പാലങ്ങള്‍ നിര്‍മിക്കും. ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടിയാണ് പ്രഖ്യാപിച്ചത്. ബിഹാറില്‍ പുതിയ വിമാനത്താവളം ആരംഭിക്കുമെന്നും നിര്‍മല പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുമെന്നും ബജറ്റ് പറയുന്നു.
ആന്ധ്രാപ്രദേശിലെ കര്‍ഷകര്‍ക്ക് പ്രത്യേക സഹായം ബജറ്റിലുണ്ട്. ആന്ധ്രയുടെ തലസ്ഥാന വികസനത്തിനായ 15,000 കോടി രൂപ ധസഹായം ലഭ്യമാക്കും. എന്‍ഡിഎ സംഖ്യ കക്ഷിയായ ജെഡിയു ആണ് നിലവില്‍ ബിഹാര്‍ ഭരിക്കുന്നത്. ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയാണ് ഭരണകക്ഷി.ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 240 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. കേവല ഭൂരിപക്ഷം 272 ആയിരുന്നു. 16 സീറ്റുകള്‍ നേടിയ ടിഡിപിയുടെയും 12 സീറ്റുകള്‍ നേടിയ നിതീഷിന്റെ ജെഡിയുവിന്റെയും പിന്തുണയോടെയാണ് മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലുള്ളത്.
രാവിലെ 11നാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മൂന്നാം മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയതിന് ജനത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് മന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്.അതേ സമയം, ബജറ്റില്‍ കേരളത്തിനെന്തെന്നും വൈകാതെ അറിയാം. സില്‍വര്‍ ലൈന്‍, വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി തുടങ്ങിയവയാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 24,000 കോടിയുടെ പ്രത്യേക പാക്കേജും സംസ്ഥാനത്തിന്റെ ആവശ്യമാണ്.കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലെ നഷ്ടം നികത്താന്‍ കേന്ദ്രം സഹായിക്കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് എയിംസ് അനുവദിക്കുമോ എന്നതിലും ആകാംക്ഷയുണ്ട്.