മലപ്പുറം: നിപാ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. നിപാ ബാധിച്ച് മരിച്ച പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ പതിനാലുകാരന്റെ വീട് പാണ്ടിക്കാട്ടും പഠിച്ച സ്കൂള്‍ ആനക്കയം പഞ്ചായത്തിലുമാണ്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്.
പോലീസും ആരോഗ്യവകുപ്പും പ്രത്യേകം നിയോഗിച്ച സ്ക്വാഡുകളും പരിശോധനകളും അന്വേഷണവുമായി രംഗത്തുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ വാഹന അനൗണ്‍സ്മെന്റിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.സന്നദ്ധ സംഘടനകളും ക്ലബ്ബുകളും യുവജന കൂട്ടായ്മകളും രോഗവ്യാപനം തടയാന്‍ രംഗത്തുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലെത്തിക്കാന്‍ പാണ്ടിക്കാട്ട് പ്രത്യേക സംഘമുണ്ട്.
മരിച്ച കുട്ടിയുടെ കൂട്ടുകാര്‍ സുരക്ഷിതര്‍
നിപാ വൈറസിന് ഇരയായ വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കള്‍ പറഞ്ഞതുപ്രകാരം അവർക്കൊപ്പം പോയ സ്ഥലങ്ങള്‍ പരിശോധിച്ചു. ഇവര്‍ അമ്പഴങ്ങ കഴിച്ചതായി പറഞ്ഞിരുന്നു. ഇവിടെ വവ്വാലുകളുടെ സന്നിധ്യവുമുണ്ട്. എങ്കിലും അമ്പഴങ്ങയുമായി രോഗബാധയ്ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. കൂട്ടുകാരും ഒന്നിച്ചാണ് കഴിച്ചത്. അവരെല്ലാം നിരീക്ഷണത്തില്‍ സുരക്ഷിതരാണ്. ഇതുവരെയുള്ള ഫലം നെഗറ്റീവാണ്.