തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച പതിനാലുകാരന് വൈറസ് ബാധയുണ്ടായത് അമ്പഴങ്ങയില്‍നിന്നാണോയെന്നു സംശയം. കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം അമ്പഴങ്ങ പറിച്ചു കഴിച്ചതായി വിവരമുണ്ടെന്നും ഇതിലൂടെയാണ് രോഗബായുണ്ടായതെന്നു പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അമ്പഴങ്ങ പറിച്ച പ്രദേശത്ത് വവ്വാല് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, ഇതാണോ രോഗബാധയിലേക്കു നയിച്ചതെന്ന കാര്യം പൂര്‍ണമായും ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.
വിദ്യാര്‍ഥിക്ക് എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടിയുടെ ഇക്കാലയളവിലെ യാത്രകളേയും കഴിച്ചഭക്ഷണങ്ങളേയും പറ്റി വിശദമായി പഠിച്ചുവരികയാണെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കുട്ടിയും കുടുംബവും വയനാട്ടിലേക്ക് യാത്ര നടത്തിയിരുന്നതായി പറഞ്ഞിരുന്നെങ്കിലും അത് ഒരു മാസം മുന്‍പാണെന്നാണ് അറിയുന്നത്. കുട്ടി എവിടെ നിന്നോ അമ്പഴങ്ങ തിന്നതായും സൂചനയുണ്ട്. ഇവയൊന്നും കൃത്യമായി ചോദിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആളുകളുമായി നല്ല സൗഹൃദമുണ്ടായിരുന്നതിനാല്‍ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വലുതാകാന്‍ ഇടയുണ്ടെന്നാണ് കരുതുന്നത്. ബസ്സില്‍ യാത്ര ചെയ്തതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് കൂടെ യാത്ര ചെയ്തവരെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. സ്കൂളിലും ട്യൂഷന് സെന്ററിലുമൊക്കെ കൂടെയുണ്ടായിരുന്നവരെ കണ്ടെത്തിക്കഴിഞ്ഞു. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കി. രോഗബാധ സ്ഥീരീകരിച്ച കുട്ടി താമസിക്കുന്ന പാണ്ടിക്കാട് പഞ്ചായത്തിലും പഠിക്കുന്ന സ്കൂള്‍ സ്ഥിതിചെയ്യുന്ന ആനക്കയം പഞ്ചായത്തിലുമാണ് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.