പാലക്കാട് : അട്ടപ്പാടിയിൽ സിപിഒ ഉൾപ്പെടെ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ച നിലയിൽ. മേലെ ഭൂതയാർ സ്വദേശികളായ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മുരുകൻ, കാക്കൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് വരഗയാർ പുഴക്കരികിൽ നിന്നാണ്. വനം വകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പുതൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ മുരുകനും, സുഹൃത്ത് കാക്കനും മൂന്നുദിവസം മുമ്പാണ് ഊരായ മേലേ ഭൂതയാറിലേക്ക് പുറപ്പെട്ടത്. മൂന്നു ദിവസത്തെ അവധിക്ക് പോയ മുരുകൻ തിരിച്ചെത്തതായതോടെ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വീട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് മുരുകനെ കാണാതായ വിവരം അറിയുന്നത്. ഇന്ന് വനം വകുപ്പിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലിലാണ് വരഗയാർ പുഴയ്ക്കരികിൽ ചെമ്പുവട്ടക്കാട് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മേലെ ഭൂതയാറിലേക്ക് എത്തണമെങ്കിൽ വനത്തിനിടയിലൂടെ ഒഴുകുന്ന വരഗയാർ പുഴ കടക്കണം. കരകവിഞ്ഞൊഴുകുന്ന പുഴ കടക്കുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെട്ടതാകാം എന്നാണ് പൊലീസിൻ്റെ നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.