തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ എംഎൽഎ പി.ബാലചന്ദ്രൻ. മൈക്ക് ഓപ്പറേറ്ററുടെ മുഖത്തുനോക്കി തെറി വിളിക്കുന്ന സംസ്കാരം വളർന്നുവന്നിരിക്കുന്നുവെന്നാണ് പി ബാലചന്ദ്രൻ്റെ വിമർശനം. മെെക്കിൻ്റെ സാങ്കേതിക തകരാർ നോക്കാതെയാണ് തെറി വിളിക്കുന്നത്- പി ബാലചന്ദ്രൻ വിമർശിച്ചു .
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ മൈക്ക് കേടായതും പിന്നീട് ഓപ്പറേറ്റർമാരോട് ചൂടായതും വിവാദമായിരുന്നു.പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ മൈക്ക് വിവാദം ഉൾപ്പെടെ തിരിച്ചടിയായിയെന്ന് സിപിഐ വിലയിരുത്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐയിലെ ഔദ്യോഗിക പക്ഷത്തോട് എതിരിട്ട് നിൽക്കുന്ന തൃശൂർ എംഎൽഎയുടെ ഒളിയമ്പ് എന്നതാണ് ശ്രദ്ധേയം. സർക്കാരും മുന്നണിയും ഒരാളിലേക്കു ചുരുങ്ങിയതിന്റെ അപകടമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉയർന്നിരുന്നു. പിണറായിയെ മാത്രം കേന്ദ്രീകരിച്ച പ്രചാരണം തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായെന്നും സിപിഐ വിമർശനമുന്നയിച്ചിരുന്നു.