ന്യൂഡൽഹി : മൈക്രോ സോഫ്റ്റ് വിന്‍ഡോസ് തകരാറിലായതിനെ തുടര്‍ന്ന് ഇന്ത്യയില്‍, വിമാനത്താവളങ്ങളില്‍ ഉടനീളം പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ഇന്‍ഡിഗോ, ആകാശ് എയര്‍ലൈന്‍സ്, സ്പൈസ് ജെറ്റ് എന്നിവയുള്‍പ്പെടെ നിരവധി എയര്‍ലൈനുകളുടെ ബുക്കിംഗും ചെക്ക്-ഇന്‍ സേവനങ്ങളും തടസ്സപ്പെട്ടു. ബംഗളൂരു , ഗോവ വിമാനത്താവളങ്ങളിൽ വ്യാപകമായി ചെക് ഇൻ പരാജയപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്.
ഇന്ന് രാവിലെ മുതലാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നീലനിറം പ്രത്യക്ഷപ്പെടുകയോ തനിയെ റീ സ്റ്റാര്‍ട്ട് അല്ലെങ്കില്‍ ഷട്ട് ഡൗണ്‍ ആകുന്നതായും ഉപയോക്താക്കള്‍ പരാതിപ്പെട്ടു. അതേസമയം സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ എന്താണ് തകരാറെന്ന് സ്ഥിരീകരിച്ചിട്ടില്ല. യുഎസിലെ പല ഭാഗങ്ങളിലും അടിയന്തര സേവനങ്ങള്‍ തടസ്സപ്പെട്ടു. അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, യുണൈറ്റഡ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന യുഎസ് എയര്‍ലൈനുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ട്. സംപ്രേക്ഷണം നല്കാന് കഴിയുന്നില്ലെന്ന് പ്രമുഖ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലൊന്നായ സ്കൈ ന്യൂസ് അറിയിച്ചു. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സേവനങ്ങള്‍ തടസ്സപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. സാങ്കേതിക തകരാര്‍ കാരണം ബെര്‍ലിന്‍ വിമാനത്താവളത്തില്‍ എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.