ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാവിഷയത്തിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി. പുനഃപരീക്ഷ ആവശ്യപ്പെടുന്ന വിദ്യാർഥികൾക്കു വേണ്ടിയുള്ള വാദമാണ് ആദ്യം. എത്ര വിദ്യാർഥികളാണ് സുപ്രീം കോടതിയിൽ ഹർജിയുമായി എത്തിയതെന്ന് അറിയിക്കാൻ സുപ്രീം കോടതി ദേശീയ പരീക്ഷ ഏജൻസിയോടു നിർദേശിച്ചു. ഉച്ചയ്ക്ക് മുൻപ് ഇക്കാര്യം അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹർജിക്കാരായ വിദ്യാർഥികളുടെ മാർക്ക് വിവരവും അറിയിക്കണം. ഹർജിക്കാർക്കു വേണ്ടി നരേന്ദ്ര ഹൂഡയാണ് ആദ്യം വാദമുന്നയിക്കുന്നത്. നിലവിലെ പട്ടിക പ്രകാരം മെഡിക്കൽ പ്രവേശനത്തിനു യോഗ്യത നേടിയ 1.08 ലക്ഷം വിദ്യാർഥികളിൽ പെടുന്ന 254 പേരും അതിനു പുറത്തുള്ള (പരീക്ഷയെഴുതിയ മറ്റ് 22 ലക്ഷം പേരിൽ) 131 പേരുമാണ് കോടതിയിൽ ഹർജികളുമായി ഉള്ളതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നാല് വിദ്യാർത്ഥികൾ സി.ബി.ഐ കസ്റ്റഡിയിൽ. പട്ന എയിംസിലെ നാലു മെഡിക്കൽ വിദ്യാർഥികളെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസവും രണ്ട് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. പങ്കജ് സിങ് , രാജു സിങ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പങ്കജ് സിങ് ചോദ്യപേപ്പർ മോഷ്ടിച്ചുവെന്ന് സിബിഐ കണ്ടെത്തി. രാജു സിങ് ചോദ്യപേപ്പറുകൾ വിതരണം ചെയ്തുവെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
ജൂൺ 23നാണ് സി.ബി.ഐ ചോദ്യപേപ്പർ ചോർച്ചയിൽ കേസെടുത്തത്. ജൂൺ 27ന് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ, ജയ് ജലറാം സ്കൂൾ പ്രിൻസിപ്പൽ, ഫിസിക്സ് അധ്യാപകൻ, ഹിന്ദി മാധ്യമ സ്ഥാപന മാർക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരൻ, മറ്റൊരു സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവരും അറസ്റ്റിലായിരുന്നു. ബിഹാർ, മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അന്വേഷണം.