തിരുവനന്തപുരം: ആസിഫ് അലി തന്നെ മനസിലാക്കിയതിൽ വളരെ സന്തോഷമുണ്ടെന്ന് സംഗീത സംവിധായകൻ രമേശ് നാരായണൻ. സൈബർ അറ്റാക്ക് വല്ലാതെ നേരിടുന്നുണ്ട്. താൻ മാത്രമല്ല തന്റെ മക്കളും അത് അനുഭവിക്കുകയാണ്. അതൊക്കെ ഒന്ന് നിറുത്തി തന്നാൽ വലിയ ഉപകാരമായിരുന്നുവെന്നും രമേശ് നാരായണൻ പ്രതികരിച്ചു.
‘ആസിഫ് അലിക്ക് ഇന്നലെ മെസേജ് അയിച്ചിരുന്നു, ഒന്ന് തിരിച്ചുവിളിക്കണേ എന്ന് പറഞ്ഞ്. അദ്ദേഹം ഇന്ന് തിരിച്ചുവിളിച്ചു. എന്റെ സാഹചര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അത് അദ്ദേഹം മനസിലാക്കിയതിൽ എനിക്ക് വളരെ നന്ദിയുണ്ട്. കൊച്ചിയിലെത്തി അദ്ദേഹത്തെ കാണാമെന്ന് പറഞ്ഞിട്ടുണ്ട്. ഒരുമിച്ചിരുന്ന് സംസാരിക്കണമെന്നും കാപ്പി കുടിക്കണമെന്നും പറഞ്ഞാണ് സംസാരിച്ച് നിറുത്തിയത്.എന്നെ മനസിലാക്കി എന്നത് ആസിഫിന്റെ ഗ്രേറ്റ്നസ് ആണ്. സൈബർ അറ്റാക്ക് വല്ലാതെ നേരിടുന്നുണ്ട്. ഞാൻ മാത്രമല്ല എന്റെ മക്കളും അത് അനുഭവിക്കുകയാണ്. അതൊക്കെ ഒന്ന് നിറുത്തി തന്നാൽ വലിയ ഉപകാരമായിരുന്നു. ആദ്യമായിട്ടാണ് സൈബർ ആക്രമണത്തെ കുറിച്ച് മനസിലാക്കുന്നത്. എന്നെ ബാധിക്കുന്നത് ആദ്യമായിട്ടാണ്. ഇനി വിവാദമല്ല, സ്നേഹബന്ധമാണ് നിലനിറുത്തേണ്ടത്. ഭക്തകബീറിനെ പോലും ജനങ്ങൾ വെറുതേ വിട്ടിട്ടില്ല, പിന്നെയാണോ ഈ ചെറിയ ഞാൻ.. ആസിഫ് ഭായ് എന്നെ മനസിലാക്കി. അതിലാണ് എനിക്ക് വലിയ സന്തോഷമുള്ളത്”- രമേശ് നാരായണന്റെ വാക്കുകൾ.