വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാഗാന്ധിക്കെതിരെ സിപിഐ സ്ഥാനാര്‍ത്ഥി മല്‍സരിക്കുന്നതില്‍ കേന്ദ്ര സിപിഐ നേതൃത്വത്തിന് കടുത്ത എതിര്‍പ്പ്. ഉത്തരേന്ത്യയില്‍ നിന്നുള്ള നേതാക്കളാണ് വയനാട്ടില്‍ പ്രിയങ്കക്കെതിരെ സിപിഐ സ്ഥാനാര്‍ത്ഥി മല്‍സരിക്കുന്നതില്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയിരിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിക്കെതിരെ ആനിരാജ മല്‍സരിച്ചത് ഒട്ടും ശരിയായില്ലന്ന നിലപാടാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള സിപിഐ നേതാക്കള്‍ ദേശീയ എക്സിക്യൂട്ടീവില്‍ കൈക്കൊണ്ടത്.
ഇനി താന്‍ വയനാട്ടില്‍ മല്‍സരിക്കില്ലെന്ന് ആനിരാജയും പ്രഖ്യാപിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് തെറ്റായി പോയെന്ന ഏറ്റുപറച്ചിലും ആനിരാജ നടത്തി. യാതൊരു അവധാനതയുമില്ലാതെ സിപിഐ കേരളാ നേതൃത്വം നടത്തിയ നീക്കത്തിന്റെ ഫലമായാണ് തനിക്ക് അവിടെ സ്ഥാനാര്‍ത്ഥിയാകേണ്ടി വന്നതെന്നും ഇനി ഏതായാലും ഇത്തരത്തിലൊരു മല്‍സരത്തിന് താന്‍ ഇല്ലെന്നുമാണ് ആനിരാജ വ്യക്തമാക്കിയത്. സിപിഐ കേരളാ നേതൃത്വത്തോടുള്ള തന്റെ അസംതൃപ്തിയും ഇക്കാര്യത്തില്‍ അവര്‍ മറച്ചുവച്ചില്ല. ബിജെപിക്കെതിരെ പ്രതിപക്ഷ കൂട്ടായ്മ എന്ന നയത്തില്‍ വെളളം ചേര്‍ക്കുകയാണ് കേരളത്തിലെ പാര്‍ട്ടി നേതൃത്വം എന്ന് സിപിഐയുടെ അഖിലേന്ത്യാ നേതൃത്വത്തിന് അഭിപ്രായമുണ്ട്.
ആനിരാജയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് തന്നെ കേരളത്തിലെ സിപിഐ നേതൃത്വത്തിന്റെ ഗൂഡാലോചനയായിരുന്നോ എന്ന് സിപിഐ ദേശീയ നേതൃത്വത്തിലെ പലര്‍ക്കും സംശയമുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഇന്ത്യാ മുന്നണിയുമായി സഹകരിക്കുക മാത്രമല്ല ആ മുന്നണിയിലെ ഘടക കക്ഷിയായി സിപിഐ മാറണമെന്നാണ് ഡി രാജ അടക്കമുള്ളവരുടെ ആഗ്രഹം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇതേ നിലപാടുകാരാണ്. എന്നാല്‍ കേരളാ നേതൃത്വം ഇതിനെ എതിര്‍ക്കുകയാണ്. കേരളത്തില്‍ സിപിഎം നേതൃത്വം നല്കുന്ന മുന്നണിയില്‍ നില്ക്കുമ്പോള് കോണ്‍ഗ്രസ് വിരുദ്ധത പാടേ ഉപേക്ഷിക്കാന്‍ കഴിയില്ലന്നാണ് കേരളത്തിലെ സിപിഐ നേതാക്കളുടെ നിലപാട്. ഇക്കാരണം കൊണ്ടുതന്നെ വയനാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേ മതിയാകൂ എന്നാണ് ബിനോയ് വിശ്വം അടക്കമുള്ള സിപിഐ നേതാക്കള്‍ വാദിക്കുന്നത് .
2014ലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ മല്‍സരിച്ച സത്യന് മൊകേരിയെത്തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരുവിഭാഗം വാദിക്കുന്നുണ്ട്. അതുവേണ്ടാ ഏതെങ്കിലും സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മതിയെന്ന് വാദിക്കുന്നവരും പാര്‍ട്ടിയിലുണ്ട്.സിപിഐ യുടെ സ്ഥാനാര്‍ത്ഥി തന്നെ മല്‍സരിക്കണമെന്ന് കേരളാ ഘടകം വാദിക്കുന്നതിന് പിന്നില്‍ മറ്റൊന്നുകൂടിയുണ്ട്. സിപിഐ മല്സരിച്ചില്ലങ്കില് ആ സീറ്റ് സിപിഎം ആവശ്യപ്പെടും. അവിടെ സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ചെയ്യും. ഇതോടെ വയനാട് സീറ്റ് അവരുടേതാകും. പൊന്നാനി ലോക്സഭാ സീറ്റ് നഷ്ടപ്പെട്ടതിന്റെ അനുഭവം സിപിഐയുടെ മനസിലുണ്ട്. രാഹുലോ പ്രിയങ്കയോ മല്‍സരിക്കാത്ത ഒരു തെരഞ്ഞെടുപ്പു നടക്കുകയാണെങ്കില്‍ ഇടതുപക്ഷത്തിന് വയനാട് സീറ്റില്‍ സാധ്യതയുണ്ട്. സിപിഎം ഏറ്റെടുത്താല്‍ പാർട്ടി സംവിധാനം നന്നായി ഉപയോഗിക്കാനും കഴിയും. ഇതുമനസിലാക്കി സിപിഎം ആ സീറ്റ് കൈവശപ്പെടുത്തുമോ എന്ന ഭയമാണ് സിപിഐയെ നയിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകമാനം സിപിഐക്ക് ലഭിച്ചത് 31 ലക്ഷം വോട്ടായിരുന്നു. അതില്‍ 2.70 ലക്ഷം വോട്ടും വയനാട്ടില്‍ നിന്നായിരുന്നു. അങ്ങനെ ഒരു മണ്ഡലത്തില്‍ മല്സരിക്കേണ്ടാ എന്ന നിലപാട് കേന്ദ്ര നേതൃത്വം കൈക്കൊള്ളുന്നത് രാഷ്ട്രീയ ആത്മഹത്യയാണെന്നാണ് കേരളാ സിപിഐ നേതൃത്വം പറയുന്നത്. ഇടതുബദല്‍ എന്ന സങ്കല്പ്പത്തിന് തന്നെ അത് തിരിച്ചിടിയുണ്ടാക്കുമെന്നും ബിനോയ് വിശ്വത്തിനെ പോലുള്ളവര്‍ വാദിക്കുന്നു. വയനാടിന്റെ കാര്യത്തില്‍ സിപിഐയുടെ കേരളാ ഘടകവും ദേശീയ ഘടകവും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം നിലനില്‍ക്കുകയാണ്. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധമുന്നണിയുടെ പ്രധാനപങ്കാളിയാകണമെന്ന സിപിഐ ദേശീയ നേതൃത്വത്തിന്റെ ആഗ്രഹത്തിന് പാരവയ്കുന്നത് കേരളത്തിലെ സിപിഐക്കാരാണ് എന്ന് പരാതി അവര്‍ക്കുണ്ട്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനനുസരിച്ചേ തങ്ങള്‍ക്ക് തിരുമാനമെടുക്കാന്‍ കഴിയുകയുളളുവെന്നു കേരളാ നേതൃത്വവും പറയുന്നു. ഏതായാലും വയനാടിന്റെ കാര്യത്തില്‍ കേരളാ ഘടകത്തിന്റെ തീരുമാനം തന്നെ നടപ്പിലാകാനാണ് സാധ്യത